പട്ടാമ്പി നേർച്ച ഇന്ന്; ഉച്ചമുതൽ  ഗതാഗത നിയന്ത്രണം


 

പട്ടാമ്പി: നൂറ്റിയൊൻപതാമത് പട്ടാമ്പി നേർച്ച പട്ടാമ്പി ദേശീയോത്സവമായി ഞായറാഴ്ച ആഘോഷിക്കും. രാവിലെ കൊടിയേറ്റത്തോടെ ആരംഭിക്കും. തിങ്കളാഴ്ച രാവിലെവരെ നീളുന്നതാണ് ആഘോഷപരിപാടികൾ. 

കൊടിയേറ്റം ഞായറാഴ്ച രാവിലെ 11-ന് നടക്കും. കൊടിയേറ്റത്തിന് മുന്നോടിയായി മുഴുവൻ ഉപകമ്മിറ്റികളും 10 മണിക്ക് പുതിയ ബസ് സ്റ്റാൻഡിൽ സംഗമിക്കും. തുടർന്ന് കേന്ദ്ര ആഘോഷക്കമ്മിറ്റി ഭാരവാഹികൾ കൊടികയറ്റത്തിനുള്ള പാരമ്പര്യാവകാശികളെ സ്വീകരിച്ച് മേലേ പട്ടാമ്പി ജാറത്തിനരികിലെത്തി കൊടികയറ്റും.

വൈകീട്ട് അഞ്ചിന് മുഴുവൻ ഉപകമ്മിറ്റികളും അവരുടെ ആഘോഷവരവുകളുമായി മേലേ പട്ടാമ്പിയിൽ സംഗമിക്കും. തുടർന്ന് കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റിയുടെയും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പൗരപ്രമുഖരുടെയും നേതൃത്വത്തിൽ ആനകളുടെ അകമ്പടിയോടെ നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടക്കും.

പട്ടാമ്പിയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമായി 56 ഉപാഘോഷക്കമ്മിറ്റികൾ പങ്കെടുക്കും. ബാൻഡ് വാദ്യം, ചെണ്ടമേളം, ദഫ്മുട്ട്, ഒപ്പന തുടങ്ങിയവയുണ്ടാകും.

സ്വരാത്രി കേന്ദ്ര ആഘോഷക്കമ്മിറ്റി ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്തം, ബാൻഡ് വാദ്യ മത്സരം എന്നിവയുമുണ്ടാകും. പുലർച്ചെ നാലിന് അപ്പപ്പെട്ടി വരവോടെ നേർച്ചയ്ക്ക് സമാപനമാവും.


ഉച്ചമുതൽ പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം

പട്ടാമ്പി നേർച്ചയുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ പട്ടാമ്പിയിൽ ഗതാഗതനിയന്ത്രണമുണ്ടാകും. പട്ടാമ്പി പ്രധാന റോഡുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തു‌നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തുനിന്ന് തിരിഞ്ഞ് മുളയൻകാവ്, വല്ലപ്പുഴ വഴി പോകണം.

പെരിന്തൽമണ്ണ ഭാഗത്തുനിന്ന്‌ ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തുനിന്ന്‌ തിരുവേഗപ്പുറ-വെള്ളിയാങ്കല്ല് വഴി കൂറ്റനാടെത്തി യാത്ര തുടരണം. പാലക്കാട് ഭാഗത്തുനിന്ന്‌ പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽനിന്ന്‌ കയിലിയാട്, വല്ലപ്പുഴ, മുളയൻകാവ് വഴി പോകണം. പാലക്കാടുനിന്ന്‌ ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങൾ കുളപ്പുള്ളിയിൽനിന്ന്‌ തിരിഞ്ഞ് ചെറുതുരുത്തി, പള്ളംവഴി കൂട്ടുപാതയിലെത്തി യാത്ര തുടരണം. ഗുരുവായൂർ-പാലക്കാട് റൂട്ടിലെ യാത്രക്കാർ കൂട്ടുപാത വഴി ചെറുതുരുത്തി, പള്ളം വഴി പോകണം. ഗുരുവായൂർ-പെരിന്തൽമണ്ണ റൂട്ടിലെ യാത്രക്കാർ കൂറ്റനാടുനിന്ന്‌ തൃത്താല, വെള്ളിയാങ്കല്ല് വഴി പോകേണ്ടതാണ്.

Below Post Ad