പട്ടാമ്പി :അഴിമതിയും ജനദ്രോഹവും ഒരുമിക്കുന്ന പദ്ധതിയാണ് എ.ഐ ക്യാമറയെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം.
പട്ടാമ്പി പാലത്തിന് സമീപം ഞാങ്ങാട്ടിരി കടവിൽ സ്ഥാപിച്ച എ.ഐ ക്യാമറക്ക് മുന്നിൽ തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു.
100 കോടിയിൽ താഴെ മാത്രം ചെലവ് വരുമായിരുന്ന പദ്ധതിയെ അഴിമതി ലക്ഷ്യമിട്ടുകൊണ്ട് മാത്രമാണ് 232 കോടിയുടേതാക്കി ഉയർത്തിയിരിക്കുന്നത്.
ഈ കുംഭകോണത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പങ്കിനേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടും അത് നിഷേധിക്കാൻ പോലും പിണറായി വിജയന് കഴിയാത്തത് മടിശ്ശീലയിൽ കനമുള്ളതുകൊണ്ടാണ്.
കെ ഫോൺ പദ്ധതിയിലും വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. 20 ലക്ഷം പേർക്ക് സൗജന്യമായി ഇൻറർനെറ്റ് കണക്ഷൻ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ട് ഇപ്പോൾ നൽകുന്നത് പതിനാലായിരം പേർക്ക് മാത്രമാണ്.
വെള്ളക്കരവും വൈദ്യുതി ചാർജും വീട്ടുനികുതിയും കുത്തനെ വർദ്ധിപ്പിച്ച് രണ്ടാം പിണറായി സർക്കാർ ജനദ്രോഹത്തിന്റെ പര്യായമായി മാറിയിരിക്കുകയാണെന്നും വി.ടി.ബൽറാം പറഞ്ഞു.