പട്ടാമ്പിയില്‍ വയോധികയോട് സഹോദരിയുടെ കുടുംബത്തിന്റെ ക്രൂരത;

 


പട്ടാമ്പിയില്‍ വയോധികയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. കഴിഞ്ഞ 18 വര്‍ഷമായി താമസിച്ചുവരുന്ന സഹോദരിയുടെ വീട്ടില്‍ നിന്നാണ് വയോധികയെ പുറത്തിറക്കി വിട്ടത്. പട്ടാമ്പി സ്വദേശി നസീമയെയാണ് സഹോദരി മറിയക്കുട്ടി വീട്ടില്‍ നിന്ന് പുറത്താക്കിയത്. കുടുംബസ്വത്ത് ഭാഗം വയ്ക്കുന്ന സമയത്ത് വയോധികയെ നോക്കാമെന്ന് വാക്കാലെ ഉറപ്പ് നല്‍കി സ്വത്തുക്കള്‍ വാങ്ങിയെങ്കി/ലും സഹോദരിയും കുടുംബവും ഈ വാക്ക് ലംഘിക്കുകയായിരുന്നു. നസീമയെ സഹോദരിയും വീട്ടിലെ മറ്റുള്ളവരും മര്‍ദിച്ചെന്നും പരാതിയുണ്ട്.

23-ാം തിയതിയാണ് നസീമയെ സഹോദരി വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ഇന്ന് രാത്രി വൈകിയും ഇവര്‍ സഹോദരിയുടെ വീടിന് മുന്‍വശത്ത് കയറിക്കിടക്കാന്‍ ഒരു ഇടമില്ലാതെ വെറും നിലത്ത് ഇരിക്കുകയാണ്. തന്നെ മര്‍ദിച്ചത് പരാതിപ്പെടാന്‍ താന്‍ പൊലീസിനെ സമീപിച്ചിരുന്നതായി നസീമ പറഞ്ഞു. ഇന്നലെ തൊട്ടപ്പുറത്തുള്ള വീട്ടിലുള്ളവര്‍ തനിക്ക് കിടക്കാന്‍ ഇടം തന്നിരുന്നുവെന്നും നസീമ പറഞ്ഞു. സഹോദരിയുടെ വീടിന്റെ നാല് വശവും പൂട്ടിയിരിക്കുകയാണെന്നും നസീമ വിശദീകരിച്ചു.

ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ വര്‍ഷങ്ങളായി അലട്ടിയിരുന്നതിനാല്‍ നസീമ വിവാഹം കഴിച്ചിട്ടില്ല. ഇവരുടെ സംരക്ഷണ ചുമതല സഹോദരിയാണ് ഏറ്റെടുത്തിരുന്നത്. സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ നസീമയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ സഹോദരിയാണ് സ്വന്തമാക്കിയിരുന്നത്. ഇന്ന് രാത്രി ഏതെങ്കിലും ബന്ധുവിന്റെ വീട്ടില്‍ തങ്ങണമെന്നും നാളെ രാവിലെയോടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നുമാണ് പട്ടാമ്പി പൊലീസ് നസീമയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Tags

Below Post Ad