![]() |
സ്വീകരണത്തിൽ മാടപ്പാട്ട് സൈദാലിപ്പു സംസാരിക്കുന്നു |
ജിദ്ദ : മുൻ ഖത്തർ പ്രവാസിയും നിലവിൽ നാട്ടിലെ സാമൂഹിക പ്രവർത്തകനുമായ മാടപ്പാട്ട് സൈദാലിപ്പുവിന് തൃത്താല പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി. ഇരുപത്തെട്ട് വർഷമായി ഖത്തറിൽ ജോലി ചെയ്തു പോന്നിരുന്ന അദ്ദേഹം ഖത്തർ കെ എം സി സി യുടെ സജീവ പ്രവർത്തകനായിരുന്നു.
പ്രവാസം മതിയാക്കി നാട്ടിൽ കൂടിയ അദ്ദേഹം തൃത്താല മഹല്ല് കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റായും, തൃത്താല ഐ ഇ എസ് സ്കൂൾ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തൃത്താല മേഖലയിൽ സജീവമായി പൊതു സേവനം നടത്തി വരുന്ന അദ്ദേഹം കുടുംബവുമൊത്താണ് ഹ്രസ്വ സന്ദർശനത്തിനായി ജിദ്ദയിലെത്തിയത്. ജിദ്ദയിലെ തൃത്താല കൂട്ടായ്മയുടെ പ്രവർത്തകൻ മജീദ് മാടപ്പാട്ടിന്റെ പിതാവ് കൂടിയാണ് അദ്ദേഹം.
ജിദ്ദയിലുള്ള തൃത്താല പ്രവാസി കൂട്ടായ്മ മണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അറിയാമെന്നും, കൂട്ടായ്മയിലുള്ള പ്രവാസികൾക്ക് കൂടി അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കൈത്താങ്ങാകുവാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്ക് മാതൃകയാകും വിധം സംഘടന മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കട്ടെ എന്നും, പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള പൊതുജന സേവനം നടത്താൻ അവർക്കും കഴിയട്ടെയെന്നും ആശംസിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.
യോഗത്തിന് മുജീബ് തൃത്താല അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അസീസ് പട്ടാമ്പി, കൂട്ടായ്മ മുൻ പ്രസിഡന്റ് മുസ്തഫ തുറക്കൽ, മുൻ ജനറൽ സെക്രട്ടറി റസാഖ് മൂളിപ്പറമ്പ്, മുജീബ് മൂത്തേടത്ത്, ആസിഫ്ഖാൻ കരുവാമ്പടി, യൂനുസ് തൃത്താല, മുസ്തഫ(മുത്തു) തുറക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. മുഹ്‌യുദ്ദീൻ വി പി(കുഞ്ഞാപ്പ), സക്കീർ കള്ളിവളപ്പിൽ, സഹീർ അനസ് എന്നിവർ നേതൃത്വം നൽകിയ സ്വീകരണ പരിപാടിക്ക് ജനറൽ സെക്രട്ടറി ബഷീർ തുറക്കൽ സ്വാഗതം പറയുകയും , വി വി ബഷീർ സൗത്ത് തൃത്താല നന്ദി പറയുകയും ചെയ്തു.
റിപ്പോർട്ട് :മുജീബ് തൃത്താല - ജിദ്ദ