ഒന്നര കോടി രൂപയുടെ ഫെല്ലോഷിപ്പ് ; നാടിന് അഭിമാനമായി ഡോ.മനില

 


ആനക്കര :ശാസ്ത്ര ഗവേഷണ മേഖലയിൽ യൂറോപ്യൻ കമ്മീഷൻ നൽകുന്ന  അതിവിശിഷ്ട ഫെല്ലോഷിപ്പുകളിൽ ഒന്നായ  മേരി സ്ക്ലഡോവ്സ്ക ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ ) പോസ്റ്റ്ഡോക്ടറൽ ഫെല്ലോഷിപ്പ് ആനക്കര പഞ്ചായത്തലെ മലമക്കാവ് സ്വദേശി ഡോ. ഒ. വി. മനിലയ്‌ക്ക്. 

 ഹരിതഗൃഹ വാതകമായ മീഥെയ്നിൽ നിന്നും വൈദ്യുതിയുടെയും ചെലവ് കുറഞ്ഞ ഉൽപ്രേരകങ്ങളുടെയും സഹായത്തോടെ മെഥനോൾ ഇന്ധനം ഉൽപാദിപ്പിക്കുന്ന പ്രക്രിയയിലുള്ള ഗവേഷണത്തിനാണ്  ഫെലോഷിപ്പ് ലഭിച്ചത്. സ്പെയിനിലെ ബാഴ്സലോണയിലുള്ള കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ്  & നാനോടെക്നോളജിയിൽ (ഐ.സി.എന്‍ 2) രണ്ടു വർഷത്തെ ഗവേഷണത്തിനാണ് അവസരം.

 165 312.96 യൂറോ (ഏകദേശം 1.5 കോടി രൂപ) യാണ് ഫെല്ലോഷിപ്പ് തുക. ഗവേഷണ ചെലവുകൾക്ക് പുറമേ യാത്ര, താമസ ചെലവുകൾ, ആശ്രിത വിസ എന്നിവയും ലഭിക്കും. അക്കാദമിക മികവിന്റെയും അപേക്ഷയുടെയും അടിസ്ഥാനത്തിൽ ലഭിച്ച മികച്ച വ്യക്തിഗത സ്കോർ ആണ് അഭിമാന നേട്ടം കരസ്ഥമാക്കാൻ സഹായിച്ചത്. 

ക്ഷീര കർഷകരായ മലമക്കാവ് ഒഴുകിൽ വളപ്പിൽ മാധവന്റെയും ഗിരിജയുടെയും മകളാണ് ഡോ. മനില.എ.യുപി സ്കൂൾ മലമക്കാവ്, തൃത്താല ഹൈസ്കൂൾ, കുമരനെല്ലൂർ ഗവ: ഹയർസെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽനിന്ന് യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടുകൂടി ബി.എസ്.സി. കെമിസ്ട്രിയും, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ നിന്ന് നാലാം റാങ്കോടുകൂടി എം.എസ്. സി.  അപ്ലൈഡ് കെമിസ്ട്രിയും  പൂർത്തിയാക്കി.

 ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ 2020ൽ തമിഴ്നാട്ടിലെ കാരൈകുടി സി.എസ്.ഐ.ആർ സെൻ്റ്രൽ  ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇലക്ട്രോകെമിസ്ട്രിയിൽ പിഎച്ച്.ഡി നേടി. 

തുടർന്ന് കാനഡയിലെ കാൽഗരി സർവ്വകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ റിസർച്ച് അസോസിയേറ്റ് ആയി പ്രവർത്തിച്ചു. നിലവിൽ കാനഡയിൽ വാട്ടർലൂ സർവ്വകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെല്ലോയായ ഡോ. മനില യു.കെ. യിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിലും, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ & അപ്ലൈഡ് കെമിസ്ട്രിയിലും അംഗമാണ്.

Below Post Ad