സമദാനി മഹാകവി അക്കിത്തത്തിൻ്റെ വസതി സന്ദർശിച്ചു

 



തിരൂർ: പൊന്നാനി ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ കുമരനെല്ലൂരിലെ വസതിയായ അക്കിത്തം ദേവയാനം മന സന്ദർശിച്ചു.

നെഞ്ചോട് ചേർത്ത് വെയ്ക്കാവുന്ന അദ്ദേഹത്തിൻ്റെ മായാത്ത ഓർമകളുടെ മധുരസ്മരണകളുണർത്തുന്നതും മിനിറ്റുകൾ മാത്രം നീണ്ട സന്ദർശനത്തിന് മണിക്കൂറുകളിൽ നിന്ന് കിട്ടുന്ന അറിവും അനുഭവവും പകരുന്നതുമായിരുന്നു സന്ദർശനം.

അക്കിത്തത്തിൻ്റെ മകൻ നാരായണൻ അദ്ദേഹത്തെ സ്വീകരിച്ചു.അക്കിത്തവുമായുള്ള സുഹൃദ് ബന്ധത്തിൻ്റെ മധുവൂറുന്ന ഓർമകൾ സമദാനി പങ്കു വെച്ചു.

കവിതയിലും സാഹിത്യത്തിലും സമദാനിക്കുള്ള ആഴമേറിയ ജ്ഞാനവും പരിചയവും സംബന്ധിച്ച് അക്കിത്തത്തിൻ്റെ മകനും സംസാരിച്ചു.

അഛനുമായി ആത്മ ബന്ധമുണ്ടായിരുന്ന പി.എം പള്ളിപ്പാടിൻ്റെ കാവ്യ സമാഹാരത്തിന് സമദാനി അവതാരിക എഴുതിയതും നാരായണൻ എടുത്തു പറഞ്ഞു.

"അക്കിത്തത്തിൻ്റെ തിരഞ്ഞെടുത്ത കവിതകൾ"എന്ന പുസ്തകം സമദാനിക്ക് സമ്മാനിച്ചു.

സാഹിത്യതൽപരനായിരുന്ന തൻ്റെ സുഹൃത്ത് അരൂർ പത്മനാഭൻ എന്ന പപ്പൻ ഒരു ദിവസം തനിക്ക് അക്കിത്തത്തിൻ്റെ വ്യത്യസ്ഥമായ ഒരു കവിത ചൊല്ലി തന്നതും അദേഹം അനുസ്മരിച്ചു.

അഛൻ നാടൻ പാട്ട് ശൈലിയിൽ ചില കവിതകൾ രചിച്ചിട്ടുണ്ടെന്ന് മകൻ.അൽപം മുമ്പ് സമ്മാനമായി കിട്ടിയ പുസ്തകത്തിൽ നിന്ന് കാളി എന്ന നാടോടിക്കവിത സമദാനി ചൊല്ലി.

ഇത് കേട്ടാസ്വദിച്ച നേതാക്കളിൽ ചിലർ അക്കിത്തത്തിൻ്റെ വളരെ പ്രസിദ്ധമായ കവിതാ ശകലമാ "വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലൊ സുഖപ്രദം" എന്ന വരികൾ ഈണത്തിൽ ചൊല്ലി.

യു.ഡി.എഫ് നേതാക്കളായ വി.ടി ബലറാം, സി.വി ബാലചന്ദ്രൻ,  സലാം മാസ്റ്റർ,ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് തുടങ്ങിയ പ്രമുഖർ അക്കിത്തത്തിൻ്റെ വസതിയിലെത്തിയിരുന്നു.

Tags

Below Post Ad