തിരൂർ : താനൂർ വട്ടത്താണി ഭാഗത്ത് ഒരു വർഷത്തോളമായി താമസമാക്കി നിരവധി പെൺകുട്ടികളെ വശീകരിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന വ്യാജ സിദ്ധൻ അഥവാ ജിന്ന് എന്നറിയപ്പെടുന്ന പട്ടാമ്പി നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി ലത്തീഫ് എന്നയാൾ താനൂർ പോലീസിന്റെ പിടിയിലായി.
രോഗങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യവും ഉയർച്ചയും ഉണ്ടാവുമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് നിരവധി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. പെൺകുട്ടികൾ ആരും തന്നെ നാണക്കേട് ഭയന്ന് വീട്ടുകാരോടോ മറ്റോ പുറത്തു പറഞ്ഞിട്ടില്ല.
എന്നാൽ താനൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ താനൂർ പോലീസ് കേസെടുത്തിരുന്നു. പരാതി കൊടുത്തു എന്ന വാർത്ത അറിഞ്ഞ പ്രതി പല സ്ഥലങ്ങളിൽ ഒഴിവിൽ കഴിഞ്ഞു വരികയായിരുന്നു.
നിരവധി മൊബൈൽ നമ്പറുകൾ ട്രെയിസ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ താനൂർ പോലീസ് മലപ്പുറം കോട്ടപ്പടിയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
താനൂർ CI മാത്യു.ജെ, എസ് അജിത് കെ, CPO മാരായ സുജിത്ത്, ശ്രീജിത്ത്, ലിബിൻ, ഷിബിൻ, ജ്യോതിഷ്, രമ്യ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് തന്ത്രപരമായി പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.