തൃത്താല: അധ്യാപക ദിനത്തിൽ തൃത്താലയിലെ ഏറെ ബഹുമാന്യരായ റിട്ടയർ ചെയ്ത രണ്ട് അധ്യാപകരായ കൃഷ്ണനുണ്ണി നായർ മാഷിനും നബീസ ടീച്ചർക്കുമുള്ള KSSPA യുടെ (പെൻഷണേഴ്സ് അസോസിയേഷൻ) ആദരം വി.ടി.ബൽറാം നിർവ്വഹിച്ചു.
98 വയസ്സ് പൂർത്തിയാക്കുന്ന കൃഷ്ണനുണ്ണി നായർ മാഷെ അറിയാത്തവരായി തൃത്താലയിൽ ആരുമുണ്ടാവില്ല. 1949 മുതൽ 1982 വരെ മലമക്കാവ് യു പി സ്ക്കൂളിൽ പ്രധാനാധ്യാപകനായിരുന്ന അദ്ദേഹം റിട്ടയർ ചെയ്തതിന് ശേഷവും കഴിഞ്ഞ 4 പതിറ്റാണ്ടിലേറെക്കാലമായി 'മാസ്റ്റേഴ്സ്' എന്ന ട്യൂഷൻ സ്ഥാപനത്തിലൂടെ അധ്യാപനവൃത്തിയിൽ തുടരുകയാണ്.
ഹിന്ദിയും ഇംഗ്ലീഷുമാണ് അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങൾ. സാമാന്യം ആരോഗ്യവാനാണ് ഇപ്പോഴും മാഷ്. ഇന്നും എല്ലാ ദിവസവും രാവിലെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം ട്യൂഷൻ സെന്ററിലെത്തുക എന്നത് അദ്ദേഹത്തിന്റെ ദിനചര്യയാണ്. ഇത്രയും സുദീർഘമായ ഒരു കർമ്മകാലം അധ്യാപന രംഗത്ത് ചെലവഴിച്ച മറ്റാരെങ്കിലും കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി ആ കുടുംബത്തിലെ 14ഓളം പേർ വിവിധയിടങ്ങളിൽ അധ്യാപകരാണ്.
ഇന്നത്തെ തൃത്താല ഡോ.കെ.ബി.മേനോൻ സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് അവിടെത്തന്നെ 35 വർഷത്തോളം അധ്യാപികയായിരുന്ന നബീസ ടീച്ചറേയും അവരുടെ വീട്ടിൽച്ചെന്ന് ആദരിച്ചു. 1964 മുതൽ 1999 വരെയുള്ള തന്റെ അധ്യാപക ജീവിതകാലത്തേക്കുറിച്ച് ഇപ്പോഴും ആവേശത്തോടെയാണ് ടീച്ചർ സംസാരിക്കുന്നത്.