പടിഞ്ഞാറങ്ങാടി: കേരള സാഹിത്യോത്സവിൽ കാമ്പസ് വിഭാഗത്തിൽ മലയാളം കഥാരചനയിൽ കുമ്പിടി സലീമ ഹാദിയക്ക് ഒന്നാം സ്ഥാനം. ''ഡിജിറ്റൽ കാലത്ത് നഷ്ടപ്പെടുന്ന വായനകൾ'' എന്ന പ്രമേയത്തിൽ ബി പോസറ്റിവ് എന്ന തലവാചകത്തിലായിരുന്നു മലയാളം കഥാരചന.
വായനയുടെ പുതിയ തലങ്ങളെ ഉൾക്കൊള്ളുകയും വിമർശനാത്മകമായ വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നതാണ് കഥയുടെ ഉൾവൃത്വം. മുഹമ്മദ് റോഷനും, ബേബിയും, വലിയുമ്മയും, ഉമ്മയുമാണ് കഥാപാത്രങ്ങൾ. മാറ്റിനിർത്താനാവാത്ത വിധം ഒട്ടി നിൽക്കുന്ന ഇൻസ്റ്റയും, സ്നാപ്ചാറ്റും, വാട്സപ്പും, യൂറ്റ്യുബും കഥപറയുന്നിടത്താണ് കഥയുടെ സൗന്ദര്യം ഉണ്ടാവുന്നത്.
മലയാള ഭാഷയിൽ നിന്നും അക്ഷരങ്ങളും ആശയങ്ങളും മനസ്സിലാക്കാൻ ഡിക്ഷ്ണറിയുടെ സഹായത്താൽ സാഹസികതക്ക് മുതിരുന്ന കൗതുകകരമായ രംഗം. വായന കൈവെള്ളയിൽ പരിമിതപ്പെടുന്ന കാലത്ത് വലിച്ചെറിയപ്പെടുന്ന പുസ്തകങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത ബോധ്യങ്ങളിലേക്ക് വഴിനടക്കുന്ന യുവത്വത്തെ പരാമർശിച്ചാണ് കഥ അവസാനിക്കുന്നത്
തൃത്താല ഡിവിഷൻ കാമ്പസ് വിഭാഗത്തിൽ വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ചാണ് പാലക്കാട് ജില്ലയിൽ മത്സരിച്ചത്. ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ പ്രതിനിധിയായി സംസ്ഥാന തലത്തിലിപ്പോൾ ഒന്നാം സ്ഥാനം എ ഗ്രേയ്‌ഡോട് കൂടി നേടിയിരിക്കുകയാണ്.
സലീമ ഹാദിയ രണ്ടായിരത്തി ഇരുപത്തി രണ്ടിലെ സംസ്ഥാന സാഹിത്യോത്സവിൽ ബുക്ക്ടെസ്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കാലിഗ്രാഫി, ഉൾപ്പടെയുള്ള രചനാ മത്സരങ്ങളിൽ മുൻവർഷങ്ങളിൽ ജില്ലാ തലത്തിലും ഡിവിഷൻ സാഹിത്യോത്സവുകളിലും മികവ് പുലർത്തിയിരുന്നു. അയ്യൂബി ഗേൾസ് വില്ലേജിന്റെ ഈ വർഷത്തെ 'കലയുടെ താളം' ആർട്സ് ഫെസ്റ്റിൽ കലാപ്രതിഭയുമാണ്.
കുമ്പിടി പാച്ചത്ത് സൈദലവി ഹാജി സുഹ്‌റ ദമ്പതികളുടെ മകളാണ് സലീമ. പടിഞ്ഞാറങ്ങാടി അയ്യൂബി ഗേൾസ് വില്ലേജ് ഹയർ സെക്കണ്ടറി ഹ്യുമാനിറ്റീസ് പഠനത്തിനൊപ്പം അക്കാദമി ഓഫ് വുമൺസ് സ്റ്റഡീസ് ആൻഡ് ഇസ്‌ലാമിക്ക് സയൻസിൽ ഹാദിയ കോഴ്സും ഡിപ്ലോമ ഇൻ ശരീഅ കോഴ്സും പൂർത്തീകരിച്ചു. തുടർന്ന് കാമ്പസിൽ തന്നെ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ പഠനം നടത്തുകയാണ്. അയ്യൂബി മാനേജ്‌മെന്റ് ആൻഡ് സ്റ്റാഫ് വിദ്യാർത്ഥിയെ ആദരിച്ചു.