സർക്കാറിനും മന്ത്രി രാജേഷിനും പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ തുറന്ന കത്ത്

 


പ്രിയപ്പെട്ട സർക്കാർ, തദ്ദേശ മന്ത്രി എന്നിവർക്ക്...

പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ആയ ഞാൻ എഴുതുന്ന തുറന്ന കത്ത്...

എന്തിന് ഇങ്ങനെയൊരു സർക്കാർ സംവിധാനം...

പരുതൂർ ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറി ഇല്ലാതായിട്ട് ഏകദേശം എട്ടുമാസം ആയി.വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് അഡീഷണൽ ചാർജ് നൽകിയാണ് ഇക്കാലയളവിൽ പഞ്ചയത്തിലെ ദൈനം ദിന പ്രവർത്തനങ്ങൾ വലിയ ബുദ്ധിമുട്ട് ഇല്ലാതെ നടന്നു വന്നിരുന്നത്. അത് പോലെ തന്നെ അസിസ്റ്റൻറ് സെക്രട്ടറിയും ഇല്ലാതായിട്ട് ഏഴ് മാസവും കഴിഞ്ഞു, 

കൂടാതെ ജനറൽ ട്രാൻസ്ഫർ വഴി ഹെഡ് ക്ലാർക്ക് ചാർജ് ഉണ്ടായിരുന്നവരും, അക്കൗണ്ടന്റും, 2 സീനിയർ ക്ലെർക്ക്മാരും ട്രാൻസ്ഫർ ആയി.  കൂടാതെ ഒരു ക്ലെർക് വാക്കൻസി ഒഴിഞ്ഞു കിടന്നിട്ടു ഏതാണ്ട് 7 മാസത്തോളവും ആയി.

ഒരു പഞ്ചായത്ത് സംവിധാനം എങ്ങനെ ഈ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയുമെന്ന് തദ്ദേശമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ മറുപടി പറയണം.

ഈ ദിവസങ്ങളിൽ അതാത് സെക്ഷനുകളിൽ മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പഞ്ചായത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് നടന്നു പോകുന്നത്.ഇത് കാരണമായി പൊതു ജനത്തിന് ലഭിക്കേണ്ട സേവനങ്ങൾ അതാതു സമയങ്ങളിൽ ലഭിക്കാതെ വരുന്നു.

ചുരുങ്ങിയ കാലയളവിൽ പരുതൂർ ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിയുടെ കസേരയിൽ വന്നു പോയവരുടെ കണക്കെടുത്താൽ ഏകദേശം 8-10 വരെ ഉണ്ടാകും. 

ഒന്നുകിൽ റിട്ടയേർഡ് ആകാൻ ദിവസങ്ങൾ ബാക്കിയുള്ളവർ അല്ലെങ്കിൽ പൊതുജനത്തിന് യാതൊരു ഗുണവുമില്ലാത്തവർ എന്നിങ്ങനെയാണ് സെക്രട്ടറി പോസ്റ്റിലേക്ക് വന്നവരുടെ അവസ്ഥ. 

നിലവിൽ സെക്രട്ടറി നിയമനം പ്രമോഷൻ ലിസ്റ്റ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി ഇന്നിറങ്ങും നാളെ ഇറങ്ങും എന്നു പറഞ്ഞ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു. സെക്രട്ടറി ഒഴികെയുള്ള തസ്തികയിലുള്ളവർ പഞ്ചായത്തിലേക്ക് പോസ്റ്റിങ്ങ് ആയെങ്കിലും ചാർജ് എടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്(ഒരാൾ ഒഴികെ ). ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും ഇ -മെയിൽ സന്ദേശം അയച്ചു കാത്തിരിക്കുകയാണ്. അനുകൂല നടപടിക്കായി.വർഷത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു പദ്ധതി നിർവഹണം എങ്ങും എത്തിയിട്ടില്ല കാരണം ഉദ്യോഗസ്ഥർ ഇല്ലാതായതും  തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ ഉണ്ടെന്ന് പറഞ്ഞ് നീട്ടി നീട്ടി നോട്ടിഫിക്കേഷൻ മാറിയിട്ടും, അതാത് വർഷങ്ങളിൽ ലഭിക്കേണ്ട തുക ലഭിക്കാതെയും വന്നപ്പോൾ പദ്ധതി ഭേദഗതി അനന്തമായി നീട്ടിയതിന്റെ ഫലമായും പദ്ധതി നിർവഹണം അവതാളത്തിലായി. 

വിഷയവുമായി ബന്ധപ്പെട്ട് ഡയറക്ടർ /ജോയിൻ ഡയറക്ടർ എന്നിവരെ ഫോൺ മൂലം ബന്ധപ്പെടാൻശ്രമിച്ചുവെങ്കിലും  ഫോൺ എടുക്കാൻ പോലും ആഴ്ചകളായി ഈ ഉദ്യോഗസ്ഥന്മാർ തയ്യാറാകുന്നില്ല  

പഞ്ചായത്തിന് ലഭിക്കേണ്ട ഏതാണ്ട് പകുതി തുക യോളം ലഭിക്കാതെ വന്നപ്പോൾ അത്രയും തുക ഈ വർഷത്തേക്ക് സ്പിൽ ഓവർ ആക്കേണ്ടി വന്നു.

ഒരാഴ്ചക്കകം പരുതൂർ പഞ്ചായത്തിലേക്ക് നിയോഗിച്ചു എന്ന് പറയുന്ന ഉദ്യോഗസ്ഥന്മാർ  ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യം ഉണ്ടായാലും, സെക്രട്ടറി നിയമനം ഉടൻ നടത്തിയിട്ടില്ലെങ്കിലും പരുതൂരിലെ ജനതയ്ക്ക് വേണ്ടി ബന്ധപ്പെട്ട മേൽ ഉദ്യോഗസ്ഥരുടെ കാര്യാലയം ഉപരോധിക്കുന്നത് വരെ ആലോചിക്കേണ്ടി വരും എന്ന് കൂടെ ബന്ധപ്പെട്ടവരോട് ഓർമിപ്പിക്കുന്നു.

എന്ന് 

എ പി എം സക്കരിയ 

പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

Tags

Below Post Ad