പൊന്നാനി : ആയിരങ്ങൾ പങ്കെടുത്ത ബഹുജന മീലാദ് റാലിയും മഹാപ്രകീർത്തന സമ്മേളനവുമായി അഞ്ചുനാൾ നീണ്ടുനിന്ന മലബാറിലെ ഏറ്റവും വലിയ പ്രവാചക പ്രകീർത്തന സദസ്സ് പൊന്നാനി അസ്സുഫ മലികുൽ മുളഫർ മജ്ലിസ് സമാപിച്ചു.
സമാപനത്തോടനുബന്ധിച്ച് നടന്ന ബഹുജന മീലാദ് റാലി വൈകിട്ട് 4 മണിക്ക് കടലോരത്തെ വാദി ഖാജയിൽ നിന്ന് ആരംഭിച്ച് കർമ്മ റോഡ് വഴി നഗരം ചുറ്റി സമ്മേളന നഗരിയിൽ സമാപിച്ചു ഒന്നരമണിക്കൂർ നീണ്ടുനിന്ന ബഹുജന മീലാദ് റാലിയിൽ വിവിധ ഭാഷകളിലെ പ്രവാചക പ്രകീർത്തന ഗീതങ്ങളും സന്ദേശങ്ങളും മുഴങ്ങി. വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ ദഫ്, അറബന തുടങ്ങി ഇസ്ലാമിക് കലാരൂപങ്ങൾ റാലിക്ക് കൊഴുപ്പേകി.
വൈകിട്ട് മഗരിബ് നിസ്കാരശേഷം ആരംഭിച്ച പൊതുസമ്മേളനം അസ്സുഫ ചെയർമാൻ ഉസ്താദ് ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലത്തിന്റെ അധ്യക്ഷതയിൽ കേരള റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു .സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ ബായാർ മുഖ്യപ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ ഹാജി, വിവിധ വിദേശ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളായ ശൈഖ് അബ്ദുറഊഫ് അഹ്മദ് അശാവീഷ് ജോർദാൻ, ശൈഖ്അബ്ദുറഹ്മാൻ അബൂ സ്വാലിഹ്,
ശൈഖ് ഗൈസ് മുഹമ്മദ് അലി അദ്ദുആസീൻ, ശൈഖ് അബ്ദുറഹ്മാൻ ഗാസി ഹാറൂൺ,ശൈഖ് അഹ്മദ് ത്വാരിഖ് ഹാഷിം, ശൈഖ് തമാം ഹമീസ് അബ്ദുറബ്ബ് ആലി ഖിതാബ് എന്നിവർ പ്രവാചക പ്രകീർത്തനങ്ങൾക്ക് നേതൃത്വം നൽകി.