ആനക്കര ഗവ. ഹയർസെക്കൻ്ററി സ്കൂൾ കെട്ടിടം ഉദ്ഘാടനം 16 ന്

 


ആനക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിലെ  പുതിയ കെട്ടിടോദ്ഘാടനം 16 ന് രാവിലെ 10.30 ന് തദ്ദേശസ്വയംഭരണ-എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയാകും. ചടങ്ങിൽ പി മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥിയാകും.

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്നും 3.90 കോടി  രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച തൃത്താല നിയോജകമണ്ഡലത്തിലെ ആദ്യ കെട്ടിടം ആനക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിലേതാണ്.മന്ത്രി എം ബി രാജേഷിൻ്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്.തൃത്താല മണ്ഡലത്തിൽ  വിദ്യാലങ്ങളിലാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. അതിൽ ആനക്കര ഗവ. ഹയർസെക്കൻ്ററി വിദ്യാലയമുൾപ്പെടെ ആറ് വിദ്യാലയങ്ങൾക്കാണ് 3.90 കോടി  രൂപ അനുവദിച്ചിട്ടുള്ളത് .

13928.39 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഓരോ നിലയിലും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 6 ക്ലാസ് റൂം , 4 ലാബ് മുറികൾ, പെൺകുട്ടികൾക്ക് ആർത്തവ ദിനങ്ങളിൽ വിശ്രമിക്കുന്നതിനായി പ്രത്യേകം ഒരു മുറി കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിൽ ലിഫ്റ്റ് സംവിധാനം ഒരുക്കാൻ വേണ്ട സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

2004 ലാണ് വിദ്യാലയത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചത്. നിലവിൽ ഹയർസെക്കൻഡറി വിഭാഗം ഉൾപ്പെടെ 1300 വിദ്യാർഥികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിലെ ലാബുകൾ  സാധാരണ ക്ലാസ്സ് റൂമുകളിലാണ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം കൂടുതൽ ഉയർത്തുവാനും സാധിക്കും.

Below Post Ad