"ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ.?"; നൊമ്പരമായി മരണത്തിന് മുമ്പ് ആയിഷ രഹ്‌ന കുറിച്ചിട്ട വാക്കുകൾ

 


പെരിന്തൽമണ്ണ: 'പലപ്പോഴും മരണവീടുകളിൽ ചെല്ലുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഞാൻ മരിച്ചാൽ ആരൊക്കെ കരയും..? ഒട്ടുമിക്ക മരണവീടുകളിലും അടുത്ത ബന്ധുക്കളും രക്തബന്ധത്തിൽ ഉള്ളവരും മാത്രമാണ് കരയുന്നത് കണ്ടിട്ടുള്ളത്. മറഞ്ഞുനിന്ന് കണ്ണുനീർ തുടക്കുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കളും ഉണ്ടാവാറുണ്ട്. അതിൽ കൂടുതൽ ഒരാളുടെ മരണത്തിൽ കരയുന്നത് കണ്ടിട്ടില്ല.


നമ്മൾ മരിക്കുമ്പോൾ ഉള്ളു തുറന്നു കരയാനും, വേർപാട് തോന്നാനും, ചില സൗഹൃദങ്ങളും, ബന്ധങ്ങളും സൃഷ്ടിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ ഒരു വലിയ നേട്ടമാണ്. ഒന്ന് ചോദിച്ചോട്ടെ?... ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ?'-

അടുത്തിടെ പെരിന്തൽമണ്ണ ജൂനിയർ ചേമ്പർ ഇന്റർനാഷ്നൽ പുറത്തിറക്കിയ മാഗസിനിലെ ഒരു ലേഖനത്തിലെ വരികളാണിത്.

ഈ ലേഖനം ഇന്ന് വായിക്കുന്നർ ഒന്നടങ്കം കരയുകയാണ്. അതെഴുതിയ ആയിഷ രഹ്‌ന എന്ന ജെ.സി.ഐ ട്രെയിനർ ലോകത്തോട് വിടപറഞ്ഞു.

എട്ടുമാസം ഗർഭിണിയായിരുന്ന ആ‍യിഷ രഹ്‌ന മഞ്ഞപിത്തം ബാധിച്ച് വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നത്.

ഒട്ടേറെ സൗഹൃദവലയങ്ങളുള്ള പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാട് സുഹൃത്തുക്കൾക്കും നാട്ടുകാർക്കും താങ്ങാവുന്നതിലും അപ്പുറമായി.

ആയിഷ രഹ്‌നയുടെ മണവാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന സുഹൃത്തുക്കളെല്ലാം ആയിഷ അന്ന് പറഞ്ഞുപോയ വാക്കുകൾ പങ്കുവെക്കുമ്പോൾ ആയിഷയെ അറിയാത്ത ഒട്ടേറെ മനുഷ്യരെയും അത് ദുഖത്തിലാഴ്ത്തുന്നു.

മൂന്നാമത്തെ ഗർഭകാലത്തിന്റെ അവസാന മാസങ്ങളിലായിരുന്നു ആയിഷ .വ്യാഴാഴ്ച രാവിലെ ആണ്  മഞ്ഞപ്പിത്തം കൂടി കോഴിക്കോട് മിംസ് ആശുപത്രിയിൽ ICU വിൽ പ്രവേശിപ്പിച്ച്.അധികം വൈകും മുമ്പ്  liver failure ആയി വെന്റില്ലേറ്റർ സപ്പോർട്ടിൽ ആയി . വളരെ പെട്ടെന്ന് തന്നെ Liver transplantation ചെയ്യാനുള്ള കാര്യങ്ങളിലേക്ക്  കുടുംബം നീങ്ങുകയായിരുന്നു. സഹോദരിയുടെ കരൾ കൊടുക്കാനുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായിക്കൊണ്ടിരിക്കെ, ഒന്നിനും കാത്തുനിൽക്കാതെ, എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട്,രാത്രി ഒരു മണിയോട് കൂടി അയ്ഷ മരണത്തിനു കീഴടങ്ങി.

ഈ മാസം അവസാനം സ്വപ്നം കണ്ടിരുന്ന പ്രസവവും കുഞ്ഞോമനയുടെ വരവുമെല്ലാം വെറും സ്വപ്നം മാത്രമാക്കി അവർ രണ്ടാളും റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി.

ഉമ്മ ആശുപത്രിയിൽ നിന്ന് കുഞ്ഞുവാവയെയും കൊണ്ട് വീട്ടിൽ വരുന്നതും കാത്ത് കിടക്കുന്ന രണ്ട് കുഞ്ഞുങ്ങൾക്ക് പൊന്നുമ്മയുടെ മയ്യിത്ത് കാണാനുള്ള വിധിയാണല്ലോ എന്നോർത്ത് ഏവരുടെയും കണ്ണ് നിറഞ്ഞു.

അങ്ങാടിപ്പുറം വലമ്പൂർ മേലെ പൂപ്പലത്തെ കുറ്റീരി ആഷിർ റഹ്മാന്റെ ഭാര്യ ആയിഷ രഹ്‌ന (33) വെള്ളിയാഴ് രാവിലെയാണ് മരണപ്പെടുന്നത്. തിരൂർക്കാട് തോണിക്കര പരേതനായ ഉരുണിയൻ ഹുസൈന്റെ മകളാണ്. മക്കൾ : മൽഹ ഫെമിൻ, മിഷാൽ. പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാര ശേഷം പാതായ്ക്കരയിലെ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

Below Post Ad