കൂരിയാട് പുതിയ ആറുവരി ദേശീയപാത തകർന്നു



മലപ്പുറം: നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണത്. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. 

റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Tags

Below Post Ad