മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം - മന്ത്രി എം ബി രാജേഷ്

 


മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതും മദ്യനിരോധനവും സര്‍ക്കാരിന്റെ നയമല്ലെന്നും, ഘട്ടം ഘട്ടമായി മദ്യവര്‍ജ്ജനം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മേനോന്‍പാറ മലബാര്‍ ഡിസ്റ്റലറിസ് ലിമിറ്റഡില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 മദ്യത്തിന് ഡിമാന്‍ഡ് കൂടുതലാണ് എന്ന വസ്തുത നിലനില്‍ക്കുന്നതിനാലാണ് രാജ്യത്ത് മദ്യനിരോധനം നടപ്പിലാവാത്തത്. നിരോധനം വലിയ ദുരന്തങ്ങളിലേക്കാണ് നയിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി വീര്യം കുറഞ്ഞ മദ്യത്തിലേക്ക് കൊണ്ടുവന്നാല്‍, അതുവഴി മദ്യവര്‍ജ്ജനം നടപ്പാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയമായ എഥനോള്‍ ബ്ലെന്‍ഡിങ്ങിന്റെ സാധ്യതയെ ഉപയോഗിച്ച് തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ശരാശരി മൂവായിരം കോടി രൂപയുടെ സ്പിരിറ്റാണ് കേരളത്തിലേക്ക് എത്തുന്നത്, അത് ഇവിടെ തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാവുന്നതോടു കൂടി നാല്പതു ലക്ഷം കെയ്സ് മദ്യം നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും, 600 കോടി രൂപയുടെ വിറ്റുവരവും നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഞ്ചിക്കോട് പ്രദേശത്തെ തൊഴിലാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് മലബാര്‍ ഡിസ്റ്റിലറീസിന്റെ പുനരുദ്ധാരണത്തിലൂടെ നടപ്പാവുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം പി, എ പ്രഭാകരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അത്തലൂരി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു,, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ശ്രീജ, വടകരപ്പതി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍ ബേബി, എംഡിഎല്‍ കമ്പനി സെക്രട്ടറി ഇന്‍ചാര്‍ജ് ആര്‍ രാം ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags

Below Post Ad