പെരുമ്പാവൂർ:അടുപ്പമുള്ളവരോട് സംസാരിക്കാൻമാത്രമാണ് അബ്ദുള്ള മൗലവി ബാഖവി ഫോൺ ഉപയോഗിച്ചിരുന്നത്. അതും കീപാഡ് ഫോൺ. സ്‌മാർട്ട് ഫോണും ഡിജിറ്റൽ ലോകവുമെല്ലാം അന്യമായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിയിലൂടെ 105–ാംവയസ്സിൽ ‘സ്‌മാർട്ടായി’ ഓടക്കാലി ഏക്കുന്നം മഠത്തിക്കുടിവീട്ടിൽ എം എ അബ്ദുള്ള മൗലവി ബാഖവി. ഇപ്പോൾ ഉപയോഗിക്കുന്നത് സ്‌മാർട്ട് ഫോൺ. സംഭാഷണത്തിനുമാത്രമല്ല, വാർത്ത കാണുന്നതും ഖുർആൻ വായന കേൾക്കുന്നതുമെല്ലാം സ്‌മാർട്ട് ഫോണിൽ.
പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച ഇൗ ഡിജിറ്റൽ സാക്ഷരതാ പഠിതാവിനെ നേരിട്ടുകണ്ട് അഭിനന്ദിക്കാൻ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് എത്തി.യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് അബ്ദുള്ള മൗലവി ബാഖവി എന്ന് മന്ത്രി പറഞ്ഞു.
21ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനച്ചടങ്ങിലേക്ക് അബ്ദുള്ള മൗലവിയെ മന്ത്രി ക്ഷണിച്ചു. കോവിഡ്കാലത്ത് പുറത്തിറങ്ങാൻ പറ്റാത്ത സമയത്താണ് വാർത്തകൾ കേൾക്കാനായി അബ്‌ദുള്ള മൗലവി ബാഖവിക്ക് മക്കൾ ഡിജിറ്റൽ ഫോൺ നൽകിയത്.
ഡിജി കോ-ഓർഡിനേറ്റർ സി ആർ ജയ, ഫോൺ ഉപയോഗിക്കാൻ പഠിപ്പിച്ചു. ഇളയമകൻ ഫൈസൽ അലിയുടെ മക്കളായ ഷാക്കിൽ അലിയും അയിഷ നസീഫയുമാണ് യൂട്യൂബ് എടുക്കാനുൾപ്പെടെ പഠിപ്പിച്ചത്. രാവിലെ പത്രവായന. അത് കഴിഞ്ഞാൽ ഡിജി ലോകത്തേക്ക് പ്രവേശിക്കും.