ഉദ്ഘാടനത്തിനായൊരുങ്ങി പട്ടാമ്പിയിലെ ഇ.എം.എസ് പാര്‍ക്ക്:ഓഗസ്റ്റ് 11 ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

 



പട്ടാമ്പി ഭാരതപ്പുഴയുടെ തീരത്ത് ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായ ഇ.എം.എസ് പാര്‍ക്ക് ഓഗസ്റ്റ് 11 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ആദ്യഘട്ടത്തില്‍ 90 ലക്ഷവും രണ്ടാംഘട്ടത്തിനായി 50 ലക്ഷവും വകയിരുത്തിയാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 

പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. പാര്‍ക്കിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എം എല്‍ എ, നഗരസഭ ചെയര്‍പേഴ്സണ്‍, തഹസില്‍ദാര്‍, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. 

 കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ക്കിന്റെ ദൈനംദിന നടത്തിപ്പിനായി ടെന്‍ഡര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് എം.എല്‍.എ പറഞ്ഞു. ഇപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള റൈഡുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

 പൂര്‍ണ്ണമായും എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ജില്ലയിലെ ടൂറിസം സാധ്യതയുള്ള ഇടമാക്കി വിഭവങ്ങളും മറ്റും ലഭ്യമാകുന്ന തരത്തില്‍ പാര്‍ക്ക്് വികസിപ്പിക്കാനും, കുടുംബശ്രീയുടെയും, ആദിവാസി വിഭവങ്ങളുമടങ്ങുന്ന മേളകള്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുമെന്നും എം. എല്‍. എ പറഞ്ഞു.

Tags

Below Post Ad