മുഹമ്മദ് ഈസ സമ്പൂര്‍ണ സ്‌നേഹത്തിന്റെ പാഠപുസ്തകം-ആലങ്കോട് ലീലാകൃഷ്ണന്‍

 

 

തൃത്താല:മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിക്കുന്നതിന് സ്‌കൂളിലോ കോളേജിലോ സിലബസില്ലെന്നും അത് ജീവിതത്തിലൂടെ തന്നെ പഠിക്കണമെന്നും പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രമുഖ പ്രവാസി വ്യവസായിയും ജീവകാര്യണ്യ പ്രവര്‍ത്തകനുമായിരുന്ന കെ.മുഹമ്മദ് ഈസയെ കുറിച്ചുള്ള ഓര്‍മ്മപുസ്തകം 'ഈസക്ക എന്ന വിസ്മയം' തൃത്താല ആസ്പയര്‍ കോളേജില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്പയര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന്‍കുട്ടി പുസ്തകം ഏറ്റവാങ്ങി. 

മഹാത്മാക്കളുടെ ജീവിതത്തില്‍ നിന്നാണ് പുതിയ തലമുറ സ്‌നേഹം പഠിക്കേണ്ടതെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. അത്തരം മഹാത്മാക്കളുടെ പട്ടികയിലാണ് മുഹമ്മദ് ഈസയുടെ സ്ഥാനം. കലാകാരന്‍മാരെ ഇരു ചെവി അറിയാതെ സഹായിക്കുന്ന കോഴിക്കോട്ട് ആശ എന്ന സംഘടനയുടെ അമരക്കാരനുമായിരുന്നു അദ്ദേഹം. കഷ്ടപ്പാട് നിറഞ്ഞ ബാല്യകാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗള്‍ഫിലേക്ക് പോയതാണ് അദ്ദേഹം. അത്രയൊന്നും ധനികനല്ലാതിരുന്നിട്ടും ജാതി മത ഭേദമന്യേ മറ്റുള്ളവരെ സഹായിക്കാനുള്ള മഹാമനസ്‌കതയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ടി ജീവിച്ച സമ്പൂര്‍ണ സ്‌നേഹത്തിന്റെ പാഠപുസ്തകമായിരുന്നു മുഹമ്മദ് ഈസ. കലാ,സാംസ്‌കാരിക, കായിക മേഖലകളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സമൂഹത്തിന് ഏറെ സന്തോഷം പകരുന്നതായിരുന്നെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫാസില്‍ അധ്യക്ഷത വഹിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍, പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് അലി പത്തില്‍, ഈസക്ക എന്ന വിസ്മയം എഡിറ്റര്‍ ഡോ.അമാനുള്ള വടക്കാങ്ങര, പുസ്തകം പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷന്‍ ഉടമ അക്്ബര്‍ ലിപി, ആസ്പയര്‍ കോളേജ് അകാദമിക് ഡയറക്ടര്‍ അബ്ദുള്‍ മജീദ്, ഐ.ഇ.എസ് സ്‌കൂള്‍ പ്രസിഡന്റ് പി.പി.അബ്്ദുള്ള, ഗ്രീന്‍ ജോബ്‌സ് സി.ഇഒ ഷിബി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 


ഫോട്ടോ :


ഡോ.അമാനുള്ള വടക്കാങ്ങര എഡിറ്റ് ചെയ്ത ഈസക്ക എന്ന വിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനം ആസ്പയര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന്‍കുട്ടിക്ക് ആദ്യ കോപ്പി നല്‍കി പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

Below Post Ad