കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഒരു ലവ് സ്റ്റോറി ട്രെന്‍ഡിങ്ങായി. കഥയിലെ നായകന്‍ രാഹുല്‍, നായിക അശ്വതി ചേച്ചി. സിനിമാകഥകളെ വെല്ലുന്ന, വായിക്കുന്നവരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ഒരു പ്രണയകഥയായിരുന്നു ഇത്. സോഷ്യൽ മീഡിയയിലെ മലയാളികൾ ഇത് എടുത്ത് ആഘോഷമാക്കുകയും ചെയ്തു.
ചെറുപ്പത്തില്‍ തന്റെ ജീവന്‍ രക്ഷിക്കാനായി പാഞ്ഞുവരുന്ന ലോറിയക്ക് മുന്‍പിലേക്ക് എടുത്തു ചാടി കാലുകള്‍ നഷ്ടപ്പെട്ട അശ്വതിയെ, വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുല്‍ എന്ന യുവാവ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുണ്ടായിരുന്നത്. ഇരുവരുടെയും ഹൃദയാദ്രമായ കഥ വിശദമായി വിവരിക്കുന്നതായിരുന്നു ഈ പോസ്റ്റ്.
രാഹുല്‍ അനുഭവം പങ്കുവെക്കുന്നു എന്ന രീതിയിലുള്ള ഈ കുറിപ്പ് പല ഫേസ്ബുക്ക് പേജുകളിലായി വളരെ വേഗം പ്രചരിക്കപ്പെട്ടു. ഇതിനൊപ്പം രാഹുലിന്റേയും അശ്വതിയുടെയും എന്ന രീതിയില്‍ ചിത്രവും ഉണ്ടായിരുന്നു. ഈ ഫോട്ടോയും കുറിപ്പും അതിവേഗമാണ് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയത്. നിരവധി പേര്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നും രാഹുലിന്റെ തീരുമാനത്തെ അഭിനന്ദിച്ചും രംഗത്തുവന്നു.
എന്നാല്‍ ഈ കുറിപ്പും ചിത്രവുമെല്ലാം വ്യാജനാണ് എന്നതാണ് സത്യം. ചിത്രം എഐ ജനറേറ്റഡ് അല്ലേ എന്ന സംശയവുമായി പലരും കമന്റുകളില്‍ വരികയും ചെയ്തു. ഡീപ്‌ഫേക്ക് ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണിതെന്ന് എഐ ചെക്കിങ് ടൂളുകള്‍ ഉപയോഗിച്ചപ്പോള്‍ വ്യക്തമായി കഴിഞ്ഞു.
ചിത്രം എഐ ആണെങ്കിലും കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കിലോ എന്നായിരുന്നു പലരും പങ്കുവെച്ച സംശയം. രാഹുല്‍ എന്ന വ്യക്തി എഴുതി എന്ന നിലയിലാണ് ഈ കുറിപ്പ് പല പേജുകളിലും പ്രത്യക്ഷപ്പെടുന്നത്. പക്ഷെ പേജുകളിലല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ ഈ കുറിപ്പ് ഇതുവരെയും വന്നിട്ടില്ല
ചില സോഷ്യല്‍ മീഡിയ പേജുകളിലല്ലാതെ വെരിഫൈഡായ മാധ്യമങ്ങളുടെയോ അത്തരം അക്കൗണ്ടുകളുടെയോ പേജുകളില്‍ ഈ കുറിപ്പോ ഇവരെ കുറിച്ചുള്ള വാര്‍ത്തയോ വന്നിട്ടില്ല എന്നതുമുണ്ട്. രാഹുലോ അശ്വതിയോ എവിടെയുമില്ല എന്ന് സാരം.
യഥാര്‍ത്ഥ ചിത്രങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കപ്പെടുന്ന എഐ ഇമേജുകളും അതിനൊപ്പം പങ്കുവെക്കപ്പെടുന്ന വ്യാജ വിവരങ്ങളും എത്രമാത്രം അപകടകരമാണെന്ന് വ്യക്തമാക്കുന്ന പുതിയ സംഭവമായി 'രാഹുല്‍ - അശ്വതി ചേച്ചി' പ്രണയകഥ മാറിയിരിക്കുകയാണ്. മുന്നും പിന്നും നോക്കാതെ ഇത്തരം വിവരങ്ങൾ പങ്കുവെയ്ക്കുന്ന മലയാളികളുടെ എടുത്തുചാട്ടത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.