ചേലക്കര: സ്വർണ്ണമാല മോഷണക്കേസിൽ പ്രതികൾ പൊലീസിന്റെ പിടിയിൽ. ഉടമസ്ഥയുടെ സഹോദരിയും അവരുടെ ആൺ സുഹൃത്തുമാണ് പിടിയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 24 നാണ് ചേലക്കര ചിറങ്കോണം ആലംപുഴ തെക്കേതിൽ വീട്ടിൽ ഫാത്തിമ ഉമ്മർ എന്നയാളുടെ വീട്ടിൽ നിന്നും നാലര പവൻ സ്വർണമാല കാണാതായത്.
ഇവരുടെ പരാതിയെ തുടർന്ന് ചേലക്കര പൊലീസ് എസ് ഐ അബ്ദുൾ സലീം, മറ്റു പൊലീസ് ഉദ്യോഗസ്ഥരായ മനു, അഖിൽ, സിനി, രമ്യ, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. സംഭവ ദിവസം പൊലീസും ഡോഗ്സ്കോഡും വിരൽ അടയാള വിദഗ്ധരും വീട് പരിശോധിക്കാൻ എത്തിയ സമയം പൊലീസിന് എല്ലാവിധ വിവരങ്ങളും സഹായവും ചെയ്യുകയും ചെയ്തു നൽകിയത് വീട്ടുകാർക്കൊപ്പം ഫാത്തിമയുടെ സഹോദരി കദീജ ആയിരുന്നു.
അന്വേഷണ ദിവസത്തിന് ശേഷം കാണാതായ ഫാത്തിമയുടെ സഹോദരി കദീജയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, മാല മോഷ്ടിച്ചത് കദീജ ആണെന്ന് മനസ്സിലാക്കുകയും ഇവരെ ആൺ സുഹൃത്തിനൊപ്പം തമിഴ്നാട് ഏർവാടിയിൽ നിന്നും ചേലക്കര പൊലീസ് കണ്ടെത്തുകയുമായിരുന്നു.
ഇതിനിടെ ഖദീജയെ കാണാനില്ല എന്ന് കാണിച്ച് മകൻ ചേലക്കര പൊലീസിൽ പരാതിയും നൽകിയിരുന്നു. കദീജയോടൊപ്പം ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അജീഷിൽ നിന്നും മോഷണം പോയ സ്വർണ്ണമാലയും കണ്ടെടുത്തു.പ്രതികളെ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി, തുടർനടപടികൾ സ്വീകരിച്ചു.