സംസ്ഥാനത്ത് മഴപെയ്യുമ്പോഴേക്കും സുരക്ഷാ നടപടികളുടെ ഭാഗമായി പലപ്പോഴും സ്‌കൂളുകൾക്ക് അവധി നൽകലാണ് പതിവ്. അതി തീവ്രമായ മഴയുടെ മുന്നറിയിപ്പിലാണ് റെഡ് അലേർട്ട് പ്രഖ്യാപിക്കുന്ന ജില്ലകളിൽ കലക്‌ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കീഴിൽ ചുവപ്പ് ജാഗ്രതാ നിർദ്ദേശം ലഭിക്കുമ്പോഴേക്കും ജില്ലയിൽ അവധി നൽകണം എന്ന രീതി ശാസ്ത്രത്തെ പുനഃപരിശോധിക്കേണ്ടതുണ്ട്. മഴയും കെടുതികളും മുൻകാലങ്ങളിലും സർവ്വ വ്യാപകമായ രൂപത്തിൽ സംഭവിച്ചിട്ടുണ്ട്. അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൃത്തിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയേറെ സംവിധാനങ്ങൾ വികസിച്ചിട്ടില്ലാത്ത, ഇന്ന് നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും കുട്ടികൾ മഴയും വെയിലും എല്ലാം അനുഭവിച്ചും ആസ്വദിച്ചും പരിക്കു പറ്റാതെ സ്‌കൂളിലേക്കും തിരിച്ചു വീട്ടിലേക്കും എത്തിയിരുന്നു. ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും ഒരർത്ഥത്തിൽ മഴയെ, ചൂടിനെ പുതുതലമുറക്ക് മുന്നിൽ അഭായപ്പെടുത്തി കാണിക്കുന്ന പ്രവണത ഈ അടുത്ത കാലത്ത് രൂപപ്പെട്ടതാണ്.
മുൻകാലങ്ങളെ അപേക്ഷിച്ചു താരതമ്മ്യേന സ്‌കൂൾ കെട്ടിടങ്ങൾ കൂടുതൽ കാര്യക്ഷമമാണ്. ഗതാഗത സൗകര്യങ്ങൾ വളരെ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഓരോ വീടുകളിൽ നിന്നും രക്ഷിതാവ് കുട്ടിയെ നേരിട്ട് സ്‌കൂളിൽ എത്തിക്കണം എന്ന് പറഞ്ഞാലും തിരിച്ചു കൊണ്ടു പോകണം എന്ന് പറഞ്ഞാലും ഒരു ദിവസത്തിന് മിക്ക രക്ഷിതാക്കൾക്കും അസൗകര്യം ഇല്ലാത്ത വിധത്തിൽ വാഹന സൗകര്യം ഉണ്ട്. എന്നാലും കുട ചൂടി പാട വരമ്പിലൂടെ മഴയത്തു നടന്ന ഇന്നലയിലെ നനഞ്ഞ ഓർമ്മകൾ പുതുതലമുറക്ക് ഇല്ലെങ്കിലും ഇടിയും മഴയും കാറ്റും നമ്മുടെ മക്കളും അനുഭവിക്കേണ്ടത് തന്നെയല്ലേ.! മഴ വർഷിക്കുന്ന കാലത്തെല്ലാം ജാഗ്രതയാണ് വേണ്ടത് എന്ന് പേടിപെടുത്തി അകതിരിക്കാൻ പ്രേരിപ്പിക്കുകയല്ല വേണ്ടത്. പിന്നീട് മഴ കാണിക്കാനും സ്‌കൂളിൽ നിന്നും അദ്ധ്യാപകർക്ക് കുട്ടികളുമായി യാത്ര ചെയ്യേണ്ടി വരും.!
സുരക്ഷാ നടപടികൾ ലക്ഷ്യം വെക്കുന്നത് വിദ്യാർത്ഥികളെയാണ് എങ്കിൽ അത് പ്രഹസനമാകുന്നു എന്ന് തിരിച്ചറിയണം. കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയില്ലങ്കിലും ഇത്തരം ദിവസങ്ങളിൽ വിനോദ സഞ്ചാരത്തിന് വരെയുള്ള അവസരമായി കാണുന്നു. പഠിക്കുന്ന കുട്ടിയുടെ പ്രായം ഈ അടച്ചിടലിൽ പരിഗണിക്കേണ്ടതാണ്.
ജില്ലയിൽ ഒന്നടങ്കം അവധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ആവശ്യമായ ആസൂത്രണത്തിന് സമയം കാണുന്നത് നന്നാകും. വിദ്യാഭ്യാസ സംവിധാനങ്ങൾക് പൂർണ്ണമായും അവധി നൽകുന്നതിന് മുമ്പ് ഹൈസ്‌കൂൾ ക്ലാസുകൾ മുതൽ കേളേജ് തലം വരെയുള്ള വിദ്യാർത്ഥികളെ അവധിയുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാവുന്നതല്ലേ..? പ്രീ-സ്‌കൂൾ മുതൽ യു.പി സ്‌കൂൾ വരെയുള്ള ചെറിയ ക്ലാസുകളെ ഈ പറയുന്ന ജാഗ്രതാ ലിസ്റ്റിൽ പെടുത്തിയിയലും കുറച്ചു മുതിർന്ന മക്കൾക്ക് പ്രവർത്തി ദിവസം നഷ്ടപ്പെടാതിരിക്കാൻ സാധിക്കും. ഒരു മാസത്തിൽ നാലും അഞ്ചും ദിവസങ്ങളിൽ ഇങ്ങനെ ആസൂത്രിതമല്ലാത്ത അവധികൾ വരുമ്പോൾ യാതൊരു മുൻധാരണയുമില്ലാതെ വന്നെത്തുന്ന അവധികൾ കൗമാര പ്രായത്തിൽ എത്തുന്ന കുട്ടികൾ എങ്ങിനെയാണ് കഴിച്ചു കൂട്ടുന്നത് എന്ന് ആലോചിക്കുന്നുണ്ടോ. വീട്ടിൽ അടഞ്ഞിരിക്കേണ്ടി വരുന്ന വലിയ മക്കളുടെ മാനസികാവസ്ഥ ചിന്തിക്കുന്നുണ്ടോ..? അവരുടെ നല്ല സമയവും നല്ല കാലവും വെറുതെയാക്കുന്നതിന് ആർക്കാണ് നഷ്ടം പറ്റുന്നത്.
ഇങ്ങനെ നഷ്ടമാകുന്ന ദിവസങ്ങൾക്ക് പകരമായി പൊതു അവധി ദിവസങ്ങളെ പ്രവർത്തി ദിവസമായി കാണുമ്പോഴും എത്ര പേർക്ക് ക്ലാസിൽ എത്താൻ കഴിയുന്നുണ്ട് എന്ന് അന്വേഷിക്കുന്നുണ്ടോ. അവധി ദിനങ്ങളിൽ നേരത്തെ പ്ലാൻ ചെയ്തു വെച്ച സർവ്വ പ്രോഗ്രാമുകളും ഒഴിവാക്കി ക്ലാസ് മുറിയിൽ നിർബന്ധിതമായി എത്തുന്ന വിദ്യാർത്ഥിയുടെയും അദ്ധ്യാപകരുടെയും അവസ്ഥാ വിശേഷത്തിലേക്ക് കടന്നു ചെന്നിട്ടുണ്ടോ. ഒപ്പം അദ്ധ്യാപകർക്ക് നഷ്ടമാകുന്ന പിരീഡുകൾക്ക് പിന്നീട് പകരം വീട്ടലല്ലേ നടക്കുന്നത്. ഒരു അധ്യായന വർഷത്തിൽ ഓർക്കാപുറത്തു വരുന്ന ഇത്തരം ദിവസങ്ങൾ ഈ രൂപത്തിൽ കൂടുതൽ നഷ്ട്ടപ്പെടുന്നുണ്ട് എന്നത് പ്രയാസമാണ്.
മഴ മുന്നറിയിപ്പ് ലഭിച്ചു കലക്‌ടർ അവധി പ്രഖ്യാപിക്കുന്ന മിക്ക ദിവസങ്ങളിലും നല്ല വെയില് പൊട്ടി നിൽക്കുന്നതാണ് അനുഭവം. നിരീക്ഷണ പരീക്ഷണത്തിന്റെ റിപ്പോർട്ട് പങ്കുവെക്കൽ മാത്രമാണ് കാലാവസ്ഥാ നിരീക്ഷകർക്കും ചെയ്യാൻ കഴിയുകയുള്ളു. എങ്കിലും കലക്‌ടറുടെ തീരുമാനം ആലോചനയുള്ളത് ആകാവുന്നതാണ്. ഇതും പ്രഹസനത്തിന്റെ മറ്റൊരു ഹേതുവാണ്.
ഇത്തരം സാഹചര്യങ്ങളിൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും റെഡ് അലേർട്ടും അവധിയും നൽകുന്നതിനു പകരം കൂടുതൽ പ്രയാസകരമായ മലയോര, തീരദേശ മേഖലകളിൽ സാഹചര്യത്തിനനുസരിച്ചു അവധി നൽകുകയാണെങ്കിൽ അതായിരിക്കും ഒന്നുകൂടി അഭികാമ്യം എന്ന് തോന്നുന്നു. പ്രയോകികമായ തലങ്ങളെ കുറിച്ചുള്ള ആലോചനക്ക് പ്രാധാന്യം നൽകണം എന്ന് മാത്രം. അല്ലെങ്കിൽ പുതു തലമുറക്ക് മഴ പെയ്യുമ്പോഴേക്കും സ്‌കൂളുകൾ ഉണ്ടാവില്ല എന്ന് പറയാതെ പഠിപ്പിക്കലാകും.!
| പി.എം ഉനൈസ് സഖാഫി കൂടല്ലൂർ
unaiskoodallur@gmail.com