മിഴിക്കോണുകളിലെ
പ്രകാശബിംബങ്ങളിൽ നിന്ന്
ആത്മസ്വത്വത്തിന്റെ
അനന്തലോകത്തിലേക്കുള്ള
ഒരു ജനാലയാകുന്നു..
ചിതറിത്തെറിച്ച
വെയിൽപ്പൊട്ടുകൾപോലെ
ഒട്ടിച്ചുവെച്ച
കണ്ണാടിത്തുണ്ടുകൾ,
പഴയഓർമ്മകളുടെ
തകർന്ന ഗോപുരങ്ങളാകുന്നു
തിരിച്ചും മറിച്ചും നോക്കി കാഴ്ചകളിലേക്ക് ഊളിയിടുമ്പോൾ
അനന്തചിന്തകളുടെ
പാറ്റേണുകളായി
നിറങ്ങൾ ഒലിച്ചിറങ്ങുന്നു..
നിറക്കാഴ്ച്ചകളായി
എന്നെ വേദനിപ്പിച്ചവയും
ഞാൻ സ്നേഹിച്ചവയും
ഒന്നിച്ചു ചേർന്ന്
അവ്യക്തമായ
ഒരു രൂപമായി
ചില്ലാഴങ്ങളിലേക്ക്
പടരുന്നു..
വെളിച്ചത്തിന്റെ
ഒരു കോണളവിൽ മനസ്സിൽ
പൂപ്പലായ് പറ്റിയ
ഒരു ചില്ലുകഷണം
അടുത്ത തിരിവിൽ
ഏറ്റവും മനോഹരമായ വർണ്ണചിത്രമായി മാറുന്നു..
നിറങ്ങൾ കെട്ടുപോയെന്ന് കരഞ്ഞുവറ്റിപ്പോയ ഇടവേളയിലെപ്പോഴെങ്കിലും
അവനവനിലേക്കൊന്ന്
കണ്ണുകൾ തുറക്കാൻ
വെളിച്ചം മാടി വിളിക്കുമ്പോൾ
ഒറ്റനിറത്തിലേക്ക് ഫ്രെയിമിലാക്കപ്പെട്ട
നമുക്കുള്ളിൽ
ഒരു കാലിഡോസ്കോപ്പിലെന്നപോലെ
മനമഴവില്ലുകളുടെ
പൂരക്കാഴ്ചകൾ
ആളിപ്പടരുന്നത് കാണാം..
✍️ ജിൻസി സന്തോഷ് ആനക്കര.
