എടപ്പാൾ : വട്ടംകുളം സ്വദേശിയും പഴയ പൊന്നാനി താലൂക്കിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ നേതൃത്വം നൽകിയവരിൽ അവസാന കണ്ണിയായ വട്ടംകുളം ഹൈദരലി മാസ്റ്റർ നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖം മൂലം ദീർഘ കാലമായി തൃശ്ശൂർ ചേലക്കരയിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 89 വയസ്സായിരുന്നു. ഇപ്പോൾ തൃശ്ശൂർ ആശ്വനി ആശുപത്രിയിലുള്ള മൃതദേഹം ചേലക്കരയിലെ വീട്ടിൽ എത്തിക്കുകയും നാളെ രാവിലെ വട്ടകുളത്ത് എത്തിച്ച് ഉച്ചക്ക് 12മണിക്ക് വട്ടംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
കെ എസ് ടി യു വിന്റെ സ്ഥാപക നേതാവും പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. ഇ അഹമ്മദ് സാഹിബ് എം എസ് എഫ് ജനറൽ സെക്രട്ടറിയായിരുന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറിയായിരുന്നു.
എടപ്പാൾ, കുമരനെല്ലൂർ ഹൈസ്കൂളുകളിൽ ദീർഘ കാലം അധ്യാപകനായിരുന്നു. വട്ടംകുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി, ജില്ല മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം, അവിഭക്ത പൊന്നാനി താലൂക് മുസ്‌ലിം ലീഗ് സെക്രട്ടറി, സലാല ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപക സെക്രട്ടറി, പൊന്നാനി ബ്ലോക് പഞ്ചായത്ത് മെമ്പർ, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ മാനേജിങ് കമ്മിറ്റി അംഗം, കുമരനെല്ലൂർ ഇസ്ലാഹിയ അറബിക്കോളേജ് പ്രസിഡന്റ്, വട്ടംകുളം മഹല്ല് പ്രസിഡന്റ്, വട്ടംകുളം ഗ്രാമീണ വായന ശാല സെക്രട്ടറി എന്നീ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലെ പൂർവ്വ സൂരികളായ എല്ലാ സ്ഥാപക നേതാക്കളുമായും അദ്ദേഹത്തിന് ഏറെ ബന്ധമുണ്ടായിരുന്നു. പാർട്ടിയുടെ ആവിർഭാവ കാലം മുതൽ പാർട്ടിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച അവസാനത്തെ കണ്ണിയാണ് പാർട്ടിക്ക് നഷ്ടമായത്. ഭാര്യ ഫാത്തിമ മക്കൾ ഫൈസൽ, ഫിറോസ് ( ഇരുവരും ബിസിനസ്സ് ദുബായ്). ഫവാസ്, പരേതയായ ഫൗസിയ
