തൃത്താല:പട്ടിത്തറ ആലൂരിൽ ആറ് തലമുറകളുടെ അപൂർവ്വ സംഗമം വിസ്മയമായി. കക്കാട്ടിരി കാലടി പിടികയിൽ പരീക്കുട്ടിയുടെ ഭാര്യ 102 വയസ്സുകാരി ആമിനു ഉമ്മ മുതൽ മൂന്ന് മാസം പ്രായമുള്ള കൊച്ചുമകൻ വരെയുള്ള ആറ് തലമുറകളാണ് സ്നേഹസംഗമത്തിനായി ഒത്തുചേർന്നത്. ആലൂർ പെരിഞ്ചേരി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും സ്നേഹവും വിളിച്ചോതിയ ചടങ്ങിൽ ആറ് തലമുറയിലെയും പ്രതിനിധികൾ പങ്കെടുത്തു. ആമിനു ഉമ്മ (102), മകൾ ഹാജറുമ്മ (85), പേരമകൾ ജമീല (62), ജമീലയുടെ മകൾ സുഹറ (42), സുഹറയുടെ മകൾ ഹിസാന (22), ഹിസാനയുടെ മൂന്ന് മാസം പ്രായമുള്ള മകൻ മുഹമ്മദ് ഇൽഹാൻ എന്നിവരാണ് ഈ അപൂർവ്വ വംശാവലിയിലെ കണ്ണികൾ.
പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് ശശിരേഖ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാം, പട്ടാമ്പി മുൻസിപ്പൽ ചെയർപേഴ്സൺ ടി.പി. ഷാജി, തൃത്താല എസ്.ഐ. ഹംസ, കക്കാട്ടിരി മഹല്ല് പ്രസിഡന്റ് മാനുഹാജി തുടങ്ങിയ ജനപ്രതിനിധികളും പൗരപ്രമുഖരും ആറ് തലമുറകൾക്കും ആശംസകൾ നേരാൻ എത്തിയിരുന്നു.
വർണ്ണാഭമായ ചടങ്ങിൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നൂറ്റാണ്ട് പിന്നിട്ട മുത്തശ്ശിക്കൊപ്പം ഇളംമുറക്കാർ കൂടി ചേർന്നപ്പോൾ അത് നാടിനാകെ പുതുമയുള്ള കാഴ്ചയായി മാറി. വരുംതലമുറകൾക്ക് മാതൃകയാകുന്ന രീതിയിൽ സ്നേഹവും ഐക്യവും പങ്കുവെച്ചാണ് സംഗമം അവസാനിച്ചത്.
