ചാലിശ്ശേരി: പൂനെയിൽ നടന്ന എട്ടാമത് ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് 45 വയസ്സിന് മുകളിലുള്ള 74 കിലോ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി പാലക്കാട് ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എസ്. രഞ്ജിത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ആലപ്പുഴ ചേർത്തല സ്വദേശിയായ രഞ്ജിത്ത് നിലവിൽ പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലാണ് സേവനം അനുഷ്ഠിക്കുന്നത്.
തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കിടയിലും കഠിനാധ്വാനവും ആത്മവിശ്വാസവും കൈവിടാതെ കഴിഞ്ഞ ഒരു വർഷമായി സ്വന്തം നിലയിൽ പരിശീലനം നടത്തിയാണ് വിജയം കൈവരിച്ചത്.
കഴിഞ്ഞ വർഷം പാലക്കാട് ജില്ലാ പോലീസ് മീറ്റിലാണ് രഞ്ജിത്ത് ആദ്യമായി പവർലിഫ്റ്റിംഗിൽ പങ്കെടുത്ത് വിജയം നേടിയത്. തുടർന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പോലീസ് മീറ്റിലും ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിലേക്ക് എത്തിയത് .
ആദ്യ ദേശീയ ചാമ്പ്യൻഷിപ്പിൽ തന്നെ സ്വർണ്ണമെഡൽ നേടാനായത് ഇരട്ടിമധുരമായി. ഈ വിജയം കേരള പോലീസിനും ചാലിശ്ശേരി പോലീസ് സ്റ്റേഷനും അഭിമാന നിമിഷമായി മാറി.
വെള്ളിയാഴ്ച സ്റ്റേഷനിൽ നടന്ന അനുമോദന ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം. മഹേന്ദ്രസിംഹൻ രഞ്ജിത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സബ് ഇൻസ്പെക്ടർമാരായ എസ്. ശ്രീലാൽ, എൻ. ജ്യോതി പ്രകാശ്, ടി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
2007-ൽ കേരള പോലീസിൽ സേവനമാരംഭിച്ച രഞ്ജിത്ത് ചേർത്തല പോലയിൽ സുഗണാനന്ദൻ–രാജമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ്. ഭാര്യ മോനിഷ. മക്കൾ: എട്ടാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹ്, നാലാം ക്ലാസ് വിദ്യാർത്ഥി അങ്കിത്.
