അബൂദാബിയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി ഉമ്മയുടെ അരികിലെത്തിച്ചു

 


നിർധന കുടുംബത്തെ കരകയറ്റാൻ പ്രവാസലോകത്തേക്ക് വണ്ടി കയറി, ഒടുവിൽ അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ശിഹാബ് (32) ഒടുവിൽ നാട്ടിൽ തിരിച്ചെത്തി. 

സന്ദർശക വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് താമസിച്ചതിനെ തുടർന്ന് യുഎഇ അധികൃതരുടെ നിയമനടപടി നേരിട്ട ശിഹാബിനെ, 65 ദിവസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് ഗുജറാത്ത് വഴി നാട്ടിലേക്ക് കയറ്റി അയച്ചത്.


വീസ നിയമലംഘനത്തിന് പുറമെ, പിടികൂടുമ്പോൾ ശിഹാബിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ യുഎഇക്ക് നേരെ ഉണ്ടായ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾ ഉണ്ടായിരുന്നതും നിയമനടപടികളുടെ ആഴം വർധിപ്പിച്ചു.


ചെർപ്പുളശ്ശേരി നഗരത്തിലെ ഹൈസ്കൂളിനടുത്തുള്ള ശോചനീയമായ ഒറ്റമുറി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ശിഹാബിന്റെ കുടുംബത്തിന് ഈ മടങ്ങിവരവ് ഒരു പുനർജന്മമാണ്. വീടിന്റെ ഏക അത്താണിയായ ശിഹാബിനെ പെട്ടെന്ന് കാണാതായത് നാട്ടിലുള്ള മാതാവ് ഫാത്തിമയെയും ഭാര്യ സൈനബയെയും പൂർണമായി തളർത്തിയിരുന്നു. പണമയക്കാൻ കഴിയാത്തതും ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടതും ഫോണിന്റെ തകരാർ മൂലമായിരിക്കുമെന്നാണ് അവർ കരുതിയിരുന്നത്.


എന്നാൽ പുതിയ കമ്പനിയിൽ ജോലി ശരിയായി, എമിറേറ്റ്സ് ഐഡി നടപടികൾക്കായി കമ്പനി അധികൃതർ നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ശിഹാബിനെ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം കുടുംബം അറിയുന്നത്. പ്രതീക്ഷകൾക്ക് മേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ ആ ഫോൺ കോളിന് ശേഷം കണ്ണീരോടെയുള്ള കാത്തിരിപ്പിലായിരുന്നു ആ കുടുംബം.


#GulfNews #UAENews #PravasiMalayali #MissingCase #MiddleEastNews

Below Post Ad