ന്യൂഡൽഹി: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമില് ഫ്ലാറ്റിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.
കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻഐടിയില് താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്ലം എൻ.സി., ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില് ഫർസാന എന്നിവരാണ് മരിച്ചത്.
ഗുരുഗ്രാം സെക്ടർ 68ലെ മറീന അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങള് കണ്ടെത്തിയത്. നേരത്തെ ബെംഗളൂരുവില് ജോലി ചെയ്തിരുന്ന ദമ്പതികള് ഏതാനും മാസങ്ങള്ക്ക് മുമ്പാണ് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവർക്ക് മക്കളില്ല.
വിവരമറിഞ്ഞെത്തിയ ഡല്ഹി പൊലീസ് ഇൻക്വസ്റ്റ് നടപടികള് പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങള് പോസ്റ്റ്മോർട്ടത്തിനായി ഡല്ഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി.ഡല്ഹിയിലെത്തിയ ബന്ധുക്കള്ക്ക് മൃതദേഹങ്ങള് ഇന്ന് വിട്ടുനല്കുമെന്നാണ് വിവരം.
ദമ്പതികളുടെ മരണകാരണം സംബന്ധിച്ച കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികള്ക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല് കാര്യങ്ങളില് വ്യക്തത ലഭിക്കുകയുള്ളൂ.
