LIFE - PMAY ഭവന പദ്ധതികളുടെ കാല താമസത്തിനെതിരെ പ്രതിഷേധം

 



തൃത്താല മണ്ഡലത്തിലെ ഭവന രഹിതരുടെയുംമഴക്കെടുതിയിൽ അപകട ഭീഷണിയിലായ കുടുംബങ്ങളുടെയും പുനരധിവാസം ത്വരിതപ്പെടുത്തണമെന്ന് കർമ്മാ വാരിയേഴ്സ് കൂട്ടായ്മ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ഭവന പദ്ധതിക്ക് ആവശ്യമായ ഫണ്ട് സംസ്ഥാനത്തിന് നൽകുന്നുണ്ടെങ്കിലും അനാവശ്യമായ കാലതാമസം സൃഷ്‌ടിക്കുകയാണെന്നും കക്ഷി രാഷ്ട്രീയ പരിഗണനയുടെ പേരിൽ ഗുണഭോക്താക്കളോട് വിവേചനം കാണിക്കുകയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

സ്വന്തമായി ഒരു സെന്റ് ഭൂമി ഇല്ലാത്തവരും സ്ഥലം ഉണ്ടായിട്ടും വാടക വീടുകളിലും താൽക്കാലിക ഷെഡ്ഡുകളിലും കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ തൃത്താല മണ്ഡലത്തിലുണ്ടെന്ന് അവർ പറഞ്ഞു. 

സർക്കാരിന്റെ ലൈഫ് മിഷൻ, കേന്ദ്ര സർക്കാരിന്റെ PMAY പദ്ധതികളിൽ ഉൾപ്പെടുത്തി വീടിനായി അപേക്ഷ സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം പേർക്കും ഇനിയും ഫണ്ട് ലഭിക്കുകയോ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുകയോ ചെയ്തിട്ടില്ല. സാങ്കേതിക തടസ്സങ്ങളും ഫണ്ടിന്റെ ലഭ്യതക്കുറവും പറഞ്ഞ് അധികൃതർ ഒളിച്ചു കളിക്കുകയാണെന്ന് കർമ്മാ വാരിയേഴ്സ് ഭാരവാഹികൾ ആരോപിച്ചു.

ഭവന പദ്ധതികളുടെ കാലതാമസം ഒഴിവാക്കുക, അർഹരായവർക്ക് ഉടൻ ധനസഹായം ലഭ്യമാക്കുക, അപകട ഭീഷണിയിലായ കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും ബന്ധപ്പെട്ട ഓഫീസുകളിലേക്കും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കർമ്മാ വാരിയേഴ്സ് അംഗങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജനകീയ ഒപ്പുശേഖരണവും ധർണ്ണയും നടത്തുമെന്നും ഗ്രൂപ്പ് അംഗങ്ങൾ അറിയിച്ചു.

ഒരു പഞ്ചായത്ത് പരിധിയിൽ 300 വീടുകൾ കണക്കാക്കിയാൽ 24 കോടി രൂപയാണ് വേണ്ടത്. അപ്രകാരം കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിൽ ഭവന പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഫണ്ട് നീക്കി വെക്കണം. ഭവന രഹിതർക്ക് സർക്കാർ ജോലി നൽകുകയാണെങ്കിൽ വായ്‌പ വാങ്ങിയെങ്കിലും വീട് പണി നടത്തുമെന്നും കൂട്ടായ്മ നിർദ്ദേശിച്ചു.

ബി.ജെ.പി പ്രവർത്തകനുംകർമ്മ വാരിയേഴ്സ് കൂട്ടായ്മയുടെ സംഘാടകനുമായ മണികണ്ഠൻ വലാപ്പറമ്പിൽ,ഭവന പദ്ധതിക്കു വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്ന പ്രബിത മേനാത്ത്, 30 വർഷം മുമ്പ് വീടു പണിയാൻ മുപ്പതിനായിരം രൂപ നൽകിയെന്ന് പറഞ്ഞ്വീട് നിഷേധിക്കപ്പെട്ട സി.എ തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags

Below Post Ad