പട്ടാമ്പി: നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപന യോഗം (ഇന്റർ സെക്ടറൽ മീറ്റിംഗ്) ചേർന്നു. നഗരസഭാ അധ്യക്ഷൻ ടി. പി. ഷാജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
വർദ്ധിച്ചു വരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ, വയറിളക്ക രോഗ പ്രതിരോധത്തിനായുള്ള 'സ്റ്റോപ്പ് ഡയറിയ' ക്യാമ്പയിൻ, എച്ച്.പി.വി. വാക്സിനേഷൻ തുടങ്ങിയ വരാനിരിക്കുന്ന പ്രധാന ആരോഗ്യ പദ്ധതികളുടെ ആസൂത്രണവും യോഗത്തിൽ ചർച്ചയായി.
പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഹരിതകർമ്മ സേന, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരെക്കൂടി ഉൾപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. കൂടാതെ പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ (സൂപ്രണ്ട്), പി.ആർ.ഒ, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ (JHI), കൃഷി-വില്ലേജ് ഉദ്യോഗസ്ഥർ, വെറ്റിനറി ഡോക്ടർ, ആയുർവേദം-ഹോമിയോ ഡോക്ടർമാർ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. എല്ലാ വകുപ്പുകളുടെയും സംയുക്തമായ ഇടപെടലിലൂടെ പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകി.
