വളാഞ്ചേരി: വളാഞ്ചേരി - കഞ്ഞിപ്പുര ദേശീയപാതയിൽ സി ഐ ഓഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാസർകോട് മഞ്ചേശ്വരം വോർക്കാടി സ്വദേശി അബ്ബാസിന്റെ മകൻ ബദറുൽ അഫീസ് (23) ആണ് മരണപ്പെട്ടത്.
കുറ്റിപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ദേശീയപാതയോരത്തെ സൈഡ് ഭിത്തിയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ശക്തമായ ആഘാതത്തിൽ ബൈക്ക് മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഫീസിനെ വിവരമറിഞ്ഞെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
