വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

 




ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകം പതിമൂന്നുകാരിയുടെ ക്വട്ടേഷനെന്ന് പൊലീസ്. കേസിൽ 13 വയസുള്ള പെൺകുട്ടി ഉൾപ്പെടെ നാല് പ്രതികൾ പിടിയിലായി. കരുവാറ്റ സ്വദേശി ശിവൻകുട്ടിയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം 13 വയസുകാരിയെ വീഡിയോ കോളിൽ കാണിച്ചു.


ശനിയാഴ്ച രാത്രിയോടെയാണ് 74കാരനായ ശിവൻകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബന്ധുക്കൾ വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്യും കാലും കെട്ടിയിട്ട നിലയിലും കഴുത്തിലും തുണി കെട്ടിയ ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബെഡ്റൂമിലും ഹാളിലും മുളക് പൊടിയും വിതറിയിട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് 13 കാരിയിലെത്തി നിൽക്കുന്നത്.


13കാരി കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ബന്ധുവാണ്. സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനായി 13 വയസുകാരി മൂന്ന് സുഹൃത്തുക്കളെയാണ് ഏർപ്പാടാക്കിയിരുന്നത്. കൊല്ലം സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്. ഇവർ‌ 18 വയസിന് താഴെയുള്ളവരാണ്. ഇവർ ശനിയാഴ്ച രാത്രിയോടെ ശിവൻകുട്ടിയുടെ വീട്ടിലെത്തി കയ്യും കാലും കെട്ടിയിട്ട് ശിവൻകുട്ടിയെ മൃ​ഗീയമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം പരവൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളായ നാല് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കൗൺസിലിങ്ങിന് ശേഷമാകും ചോദ്യം ചെയ്യൽ.



Tags

Below Post Ad