പട്ടാമ്പി: നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് വളപ്പിൽ ഹരിതകർമസേന അംഗങ്ങൾ നടത്തിയ ചെണ്ടമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭാ അധ്യക്ഷൻ ടി. പി. ഷാജി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തോടൊപ്പം പ്ലാന്റിലെ ഒഴിഞ്ഞുകിടന്ന ഭൂമി പരമാവധി പ്രയോജനപ്പെടുത്തി ഓണവിപണി ലക്ഷ്യമിട്ടാണ് ഹരിതകർമസേന മനോഹരമായ പൂകൃഷി ഒരുക്കിയത്.
ഓണക്കാലത്ത് പ്രാദേശികമായി വിഷരഹിതമായ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകർമസേന ഈ മാതൃകാപരമായ പദ്ധതി നടപ്പിലാക്കിയതെന്നും, സേനാംഗങ്ങളുടെ ഈ വേറിട്ട പരിശ്രമം ഏറെ ശ്രദ്ധേയവും പ്രശംസനീയവുമാണെന്നും നഗരസഭാ അധ്യക്ഷൻ ടി. പി. ഷാജി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ, സ്ഥിരം സമിതി അംഗങ്ങളായ ജിതേഷ് മോഴിക്കുന്നം, ഷെഫീദ കെ. എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ ടി. പി. ഉസ്മാൻ, കവിത പി. കെ., ഗിരിജ പി., കൃഷ്ണദാസ് സി., സി. പി. സജാദ്, മുനവ്വിറ റാസി, മുഹമ്മദ് ഷഫീക് പി., ലതാകുമാരി എം. വി., ഷംസീന വി., നഗരസഭാ സെക്രട്ടറി ഡോ. അമൽ എസ്., ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
