സംസ്ഥാന മിനി ഖൊ-ഖൊ ചാമ്പ്യൻഷിപ്പ്: ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

 




ചാലിശേരി: കൊച്ചു സ്വപ്നങ്ങൾക്ക് വലിയ ചിറകുകൾ നൽകി കളിക്കളത്തിൽ ചാലിശേരിയുടെ രണ്ട് മിടുക്കികൾ. 


തിരുവനന്തപുരത്ത് ശനി, ഞായർ ദിവസങ്ങളിൽ നടന്ന നാലാമത് സംസ്ഥാന മിനി ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലാ ടീം കിരീടം നേടിയപ്പോൾ ടീമിന്റെ മുന്നേറ്റത്തിൽ ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അനുശ്രീ പി.എം.യും അൻഷിക പി. ആറും മികച്ച പ്രകടനം കാഴ്ചവെച്ചു.


കായികസ്വപ്നങ്ങൾ നെഞ്ചിലേറ്റി കളിക്കളത്തിലിറങ്ങിയ ഇരുവർക്കും സംസ്ഥാന കിരീടനേട്ടം ഇരട്ടി മധുരമായി. ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ചാലിശേരി സ്കൂളിനും നാടിനും അഭിമാനമായി.ജില്ലാ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ഖൊ-ഖൊ അക്കാദമി ടീമിന്റെ കിരീട നേട്ടത്തിലും ഇവർ ഭാഗമായിരുന്നു.


എട്ടാം ക്ലാസ് വിദ്യാർഥിനിയായ അൻഷിക ചാലിശേരി പെരുമണ്ണൂർ സ്വദേശികളായ രാജ്കുമാറിന്റെയും മേഘയുടെയും മകളാണ്. കായികരംഗത്ത് അൻഷികയുടെ മികവ് ഖൊ-ഖൊയിൽ മാത്രം ഒതുങ്ങുന്നതല്ല. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന മിനി അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോൾ ഖൊ-ഖൊയിലും സംസ്ഥാന കിരീടത്തിന്റെ ഭാഗമായതോടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി.


ഏഴാം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ പി.എം. എറവക്കാട് പാട്ടത്ത് പറമ്പിൽ വീട്ടിൽ മണികണ്ഠന്റെയും വിനിതയുടെയും മകളാണ്. സംസ്ഥാന വേദിയിലെ മികച്ച പ്രകടനത്തിലൂടെ ടീമിന്റെ കിരീടയാത്രയിൽ പങ്കാളിയായ അനുശ്രീയും ചാലിശേരിയുടെ കായികപ്രതിഭയുടെ പുതിയ മുഖമായി മാറുകയാണ്.


കഴിഞ്ഞ 2 വർഷമായി സ്കൂളിലെ കായിക അധ്യാപകരായ ബിബിൻ, ഷക്കീല എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ ഖൊ-ഖൊ പരിശീലനവും ഈ വിജയത്തിന് കരുത്തായി.


പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിക്കുന്ന ഈ രണ്ട് വിദ്യാർഥിനികളുടെ നേട്ടം ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കായികപാരമ്പര്യത്തിന് പുതിയ കരുത്താണ്. തൃശ്ശൂരിന്റെ കിരീടനേട്ടത്തിൽ ചാലിശേരിയുടെ ഈ പെൺകരുത്തും തിളക്കമാർന്നൊരു അധ്യായമായി.

Tags

Below Post Ad