ചാലിശ്ശേരി ഇടവക സംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

 




കൂറ്റനാട്: ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയുമായി ബന്ധപ്പെട്ട് എതിർവിഭാഗം നടത്തുന്ന അവകാശവാദങ്ങളും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഇടവക ഭരണസമിതി. സഭാ നിയമങ്ങളും സുപ്രീംകോടതി ഉത്തരവുകളും പൂർണമായി പാലിച്ചാണ് സെമിത്തേരി സംബന്ധമായ കാര്യങ്ങൾ നടപ്പാക്കുന്നതെന്നും കൂറ്റനാട് പ്രസ്സ് ക്ലബ്ബിൽ ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഭരണസമിതി വ്യക്തമാക്കി.


ചാലിശ്ശേരി പള്ളിയിലെയും മലങ്കര സഭയിലെയും ഭരണപരമായ തർക്കങ്ങൾ കോടതിവിധികളിലൂടെ അവസാനിച്ച വിഷയമാണ്. സഭാതർക്കം ഇപ്പോഴും നിലനിൽക്കുന്നുവെന്ന തരത്തിലുള്ള എതിർവിഭാഗത്തിന്റെ പ്രചാരണം പൊതുജനങ്ങളെയും അണികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഭരണസമിതി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമവിധേയമായ ശവസംസ്കാരവുമായി ബന്ധപ്പെട്ട പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്നും, ആരോപിക്കപ്പെടുന്ന സ്ഥലത്ത് മുമ്പ് കല്ലറ ഉണ്ടായിരുന്നില്ലെന്ന് പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അവർ പറഞ്ഞു.


സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ വിലക്കുണ്ടെന്ന ആരോപണം തെറ്റാണ്. പള്ളി ഓഫീസുമായി ബന്ധപ്പെട്ട് പൂർവ്വികരുടെ ഓർമ്മദിനങ്ങളിൽ സെമിത്തേരിയിൽ പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യം എല്ലാവർക്കും ലഭ്യമാണ്. സ്ഥലപരിമിതി കണക്കിലെടുത്ത് പഴയ മണ്ണ് കല്ലറകൾ ആവശ്യാനുസരണം പുനരുപയോഗിക്കുന്നത് പൊതുവായ രീതിയാണെന്നും, പൂർവ്വികരുടെ കല്ലറകളിൽ സംസ്കാരത്തിന് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അനുമതി നൽകുമെന്നും ഭരണസമിതി വ്യക്തമാക്കി.


2020ന് മുമ്പ് എതിർവിഭാഗം ഓർത്തഡോക്സ് വിശ്വാസികളുടെ കുടുംബക്കല്ലറ പൊളിച്ചുനീക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസ് പട്ടാമ്പി മുൻസിഫ് കോടതിയിൽ നിലവിലുണ്ടെന്നും ഭരണസമിതി ആരോപിച്ചു. അക്രമത്തിലേക്കോ പകപോക്കലിലേക്കോ പോകാൻ തയ്യാറല്ലെന്നും സമാധാനമാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ ഭരണസമിതി, കോടതികളുടെ എല്ലാ ഉത്തരവുകളും പൂർണമായി പാലിച്ചായിരിക്കും പള്ളി മുന്നോട്ട് പോകുകയെന്നും അറിയിച്ചു.

Tags

Below Post Ad