ചാലിശ്ശേരി-കൂറ്റനാട് റോഡ് രണ്ടാഴ്ചക്കുള്ളിൽ ടാറിംഗ് ചെയ്യും:മന്ത്രി തല യോഗത്തിൽ തീരുമാനം



തൃത്താല: നിർമ്മാണം നടന്നുവരുന്ന ചാലിശ്ശേരി-പട്ടാമ്പി റോഡിൽ ചാലിശ്ശേരി മുതൽ കൂറ്റനാട് വരെയുള്ള ഭാഗം നവംബർ 15നുള്ളിൽ ടാറിംഗ് നടത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ നിർദ്ദേശിച്ചു. വി.ടി.ബൽറാം എംഎൽഎയുടെ അഭ്യർത്ഥന അനുസരിച്ച് ഇന്ന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ വച്ചാണ് ഈ തീരുമാനം. 

കൂറ്റനാട് മുതൽ പട്ടാമ്പി വരെയുള്ള ഭാഗം ഡിസംബർ അവസാനത്തോടെ ടാറിംഗ് നടത്താൻ കഴിയുമെന്നും യോഗം വിലയിരുത്തി. ഇവിടെ കൾവർട്ടുകളും ഡ്രൈയ്‌നേജുകളും നിർമ്മിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിനു തടസ്സമായി നിൽക്കുന്ന മരങ്ങൾ രണ്ടാഴ്ചക്കകം മുറിച്ചു നീക്കാനും തീരുമാനമായി. 


തൃത്താല നിയോജക മണ്ഡലത്തിലെ മറ്റ് പ്രധാന റോഡ് പ്രവൃത്തികളും യോഗം വിലയിരുത്തി. നിലവിൽ പ്രവൃത്തി നടന്നുവരുന്ന എഴുമങ്ങാട്-കറുകപുത്തൂർ അടക്കമുള്ള റോഡുകളിൽ നിർമ്മാണം ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പ്രവൃത്തികൾക്ക് എത്രയും വേഗം ഭരണാനുമതി നൽകാനും എംഎൽഎ നിർദ്ദേശിച്ച പുതിയ പ്രവൃത്തികൾക്ക് എസ്‌റ്റിമേറ്റ് തയ്യാറാക്കാനും മന്ത്രി നിർദ്ദേശം നൽകി.


വി.ടി.ബൽറാം എംഎൽഎയും പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തൃത്താല മണ്ഡലത്തിൽ പുതിയ വമ്പൻ പദ്ധതികൾക്ക് ഉടൻ സർക്കാർ തലത്തിൽ അംഗീകാരം ലഭിക്കുമെന്നും വിശദാംശങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നും യോഗത്തിന് ശേഷം വി.ടി.ബൽറാം എംഎൽഎ അറിയിച്ചു.

Below Post Ad