വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ പട്ടാമ്പി സ്വദേശി പിടിയിൽ

 


പട്ടാമ്പി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍ മുഹമ്മദ് അമീറാണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്.


വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിയായ 33 കാരിയെ 2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 43 ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. 

ഷൊര്‍ണൂര്‍ പൊലീസില്‍ യുവതി നേരിട്ട് എത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍ മുഹമ്മദ് അമീറിനെ പിടികൂടിയത്.

യുവതിയുടെ സുഹൃത്തു വഴിയാണ് മുഹമ്മദ് അമീറുമായി യുവതി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കേരളത്തില്‍ എത്തിച്ച് ആലപ്പുഴ, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 

നിലവില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുഹമ്മദ് അമീര്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് യുവതിയുമായി അടുപ്പത്തിലായതെന്നും പരാതിയില്‍ പറയുന്നു.

ഷൊര്‍ണൂര്‍ ഐക്കോണ്‍ ഹോസ്പിറ്റലിന് സമീപത്താണ് യുവതിയെ താമസിപ്പിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് 43 ലക്ഷം രൂപയും 4 സ്വര്‍ണ്ണവളകളും 2 മോതിരവും കമ്മലുകളും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ഫോണ്‍ വിളിച്ചാല്‍ അമീര്‍ എടുത്തില്ലെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിയിലെ അഡ്രസ് കിട്ടിയതെന്നും അപ്പോഴാണ് അമീറിന് അവിടെ കുടുംബം ഉള്ളതായും അറിയുന്നതെന്നും പരാതിയില്‍ പറയുന്നു.

 മുന്‍പ് പട്ടാമ്പിയിലും അമീറിന് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.


Below Post Ad