ഇന്റർ സ്റ്റേറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ജിഎച്ച്എസ്എസ് ചാലിശ്ശേരിക്ക് കിരീടം. Knews.


 


കോയമ്പത്തൂരിൽ മലയാള മനോരമയും നവക്കര എം.ജെ.കെ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും സംയുക്തമായി സംഘടിപ്പിച്ച സ്പോർട്സ് കാർണിവലിന്റെ ഭാഗമായി നടന്ന ഇന്റർ സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 



കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി 60 ഓളം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിലാണ് ചാലിശ്ശേരി സ്കൂൾ ടീം ചരിത്രനേട്ടം സ്വന്തമാക്കിയത്.


ആദ്യമായാണ് സ്കൂൾ ടീം ഇന്റർ സ്റ്റേറ്റ് തലത്തിലുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് കരുത്തരായ എതിരാളികളെ മറികടന്നാണ് ടീം കിരീടം നേടിയത്. ഫൈനലിൽ തൃക്കടീരി പി.ടി.എം. എച്ച്.എസ്.എസിനെ നേരിട്ട ചാലിശ്ശേരി ടീം നിശ്ചിത സമയത്തിന്റെ അവസാന നിമിഷം വരെ 1-1 എന്ന നിലയിൽ സമനില പാലിച്ചു. 


തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് എതിരാളികളെ പരാജയപ്പെടുത്തിയാണ് ചാലിശ്ശേരി ടീം കിരീടം ചൂടിയത്.


ജേതാക്കൾക്ക് 15,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ചാലിശ്ശേരിയുടെ ആർ. റസിലിനും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് പുരസ്കാരം എസ്. സിനാനും ലഭിച്ചു.


ചരിത്രവിജയം നേടിയ ടീമിന് ബുധനാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ സ്വീകരണവും അനുമോദനവും നൽകി. പ്ലസ് വൺ, പ്ലസ് ടു, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


സ്കൂളിൽ പുതുതായി ആരംഭിക്കുന്ന മൾട്ടിപർപ്പസ് ജിമ്മിന്റെ പ്രവർത്തനങ്ങൾക്കായി ടീമംഗങ്ങൾ 5,000 രൂപ സംഭാവനയും നൽകി.


സ്കൂൾ പ്രിൻസിപ്പൽ ജയന്തി. കെ , പ്രധാനാധ്യാപിക ഷീന പി. ശങ്കർ, പി.ടി.എ. പ്രസിഡന്റ് ഷാജി ബിൻ ഹൈദർ, കായികാധ്യാപിക ഷക്കീല മുഹമ്മദ്, വിപിൻ എന്നിവർ സംസാരിച്ചു.

Below Post Ad