ഹസാഡസ് ഡ്രൈവിങ്ങ് ലൈസൻസ് നേടിയ സംസ്ഥാനത്തെ രണ്ടാമത്തെ വനിതയായ നാഗലശ്ശേരി സ്വദേശി ബർക്കത്ത് നിഷക്ക് ചെറുപ്രായത്തിൽ തന്നെ മോട്ടോർ വാഹനങ്ങളോട് അതീവ താൽപ്പര്യമായിരുന്നു . വെറും ഇഷ്‌ടം മാത്രമല്ല, ഓരോ വാഹനവും ഓടിച്ചുനോക്കും. മോട്ടോർ സൈക്കിളിലായിരുന്നു തുടക്കം. പിന്നെ, ഓട്ടോറിക്ഷയിലും കാറിലും ബസിലും ലോറിയിലുമെല്ലാം പയറ്റിത്തെളിഞ്ഞ ഈ മിടുക്കി 25-ാം വയസ്സിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടെ അപകടകരമായ വസ്‌തുക്കൾ കയറ്റുന്ന വലിയ വാഹനം ഓടിക്കാനുള്ള ഹസാഡസ് ലൈസൻസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വനിതയായി
പതിനാലാം വയസ്സിൽ സഹോദരന്റെ മോട്ടോർ സൈക്കിൾ ഓടിച്ചാണ് ഡ്രൈവിങ് രംഗത്തേക്ക് ബർക്കത്തിന്റെ കാൽവയ്‌പ്. വാഹനമോടിക്കാനുള്ള കമ്പത്തെ ആദ്യമൊക്കെ വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് വൈദഗ്ധ്യം തിരിച്ചറിഞ്ഞ് പിന്തുണച്ചു. ഏതു വാഹനത്തിന്റെ നിയന്ത്രണവും കൈകളിൽ ഭദ്രമാക്കാനുള്ള ചങ്കുറപ്പാണ് ജീവിത പ്രതിസന്ധികളെ അതിജീവിക്കാനും ഈ പെൺകുട്ടിക്ക് തുണയായത്.
വിവാഹബന്ധം വേർപിരിയേണ്ടി വന്നപ്പോഴും അഞ്ച് വയസ്സുള്ള ഐഷ നസ്റിന്റെ അമ്മയായ ബർക്കത്ത് തളർന്നില്ല. ജോലിക്ക് വിവിധ കമ്പനികളെ സമീപിച്ചിട്ടുണ്ടെന്ന് ബർക്കത്ത് പറഞ്ഞു.നാഗലശേരി പഞ്ചായത്തിലെ കിളിവാലൻകുന്ന് വളപ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ ഹമീദിന്റെയും ഹഫ്സത്തിന്റെയും നാല് മക്കളിൽ മൂന്നാമത്തെയാളാണ് ബർക്കത്ത് നിഷ.
സഹോദരൻ നിഷാദിനൊപ്പമാണ് ബർക്കത്ത് നിഷയും എറണാകുളം ഏജൻസിയിൽ പരിശീലനം നേടി ഹസാഡസ് ലൈസൻസ് സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഈ ലൈസൻസ് സ്വന്തമാക്കിയ വനിത തൃശൂർ കണ്ടശാംകടവിലെ ഡെലീഷ ഡേവിസ് എന്ന യുവതിയാണ്.