എടപ്പാൾ: എഴുപത്തിയഞ്ചാംമത് സന്തോഷ്ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച 'സന്തോഷാരവം' ജില്ലാതല വിളംബര ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണയോഗം കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഋഷികേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ്, ഫുട്ബോൾ താരം കെ ടി ചാക്കോ, കായികാധ്യാപകൻ മനോജ്, സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ചടങ്ങിൽ കായികാധ്യാപകൻ ബാബുവിനെ പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് ഷൂട്ടൗട്ട് മത്സരവും വിജയികൾക്ക് സമ്മാനവിതരണവും നടന്നു. ഏപ്രിൽ 12 മുതൽ മെയ് 2 വരെ മലപ്പുറത്താണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരം നടക്കുന്നത്.