സഹൽ മാജിക്കിൽ കലിപ്പടക്കി ബ്ലാസ്റ്റേഴ്സ്; സെമി ആദ്യപാദത്തിൽ ജയം.ലീഗ് ഘട്ടത്തിൽ ജംഷഡ്പൂരിനോടേറ്റ മൂന്നുഗോൾ തോൽവിക്ക് ഐ.എസ്.എൽ സെമിയിൽ പകവീട്ടി കേരള ബ്ലാസ്റ്റേഴ്സ്. സെമി ആദ്യപാദത്തിൽ മലയാളി താരം സഹൽ അബ്ദുസ്സമദ് നേടിയ തകർപ്പൻ ഗോളിലാണ് മഞ്ഞപ്പട ജയിച്ചുകയറിയത്.
ലീഗിൽ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത കരുത്തർക്കെതിരെ ജയം നേടാനായത് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഇരുടീമുകളും കട്ടയ്ക്കു കട്ട നിന്ന മത്സരത്തിൽ 38-ാം മിനുട്ടിലാണ് സഹൽ വലകുലുക്കിയത്.
ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിനിടെ ഗോൾമുഖത്തുവെച്ച് ജംഷഡ്പൂർ ഡിഫന്റർ പിറകിലേക്ക് ഹെഡ്ഡ് ചെയ്ത പന്ത് ഓടിപ്പിടിച്ചെടുത്ത സഹൽ കീപ്പർക്കു മുകളിലൂടെ പന്ത് വലയിലേക്ക് ഉയർത്തി വിടുകയായിരുന്നു. മികച്ച ഫോമുമായി മഞ്ഞപ്പടയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരം സാന്നിധ്യമായിമാറിയ സഹലിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്.