കുരുന്നുകൾ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു



ചാലിശ്ശേരി:ചാലിശ്ശേരി പോലീസ് സ്റ്റേഷൻപെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ 450-ഓളം വിദ്യാർഥികൾ സന്ദർശിച്ചത് വേറിട്ടൊരു അനുഭവമായി.

 പുസ്തകത്താളുകളിൽ മാത്രം കണ്ടറിഞ്ഞ പോലീസുകാരെയും പോലീസ് സ്റ്റേഷനും നേരിൽ കണ്ടപ്പോൾ കുരുന്നുകളുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു. 

സ്റ്റേഷനിലെത്തിയതുമുതൽ കുട്ടികളുടെ ശ്രദ്ധ ഓരോ കാഴ്ചയിലുമായിരുന്നു.പോലീസ് വാഹനങ്ങൾ കണ്ടപ്പോൾ ആവേശവും,സ്റ്റേഷന്റെ പ്രവർത്തനങ്ങളും ലോക്കപ്പ് കണ്ടപ്പോൾ കൗതുകവുമായി.

കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ പോലീസുകാരും അധ്യാപകരായി.ഗൗരവമേറിയ പോലീസ് സ്റ്റേഷനിൽ ആ ദിവസം നിറഞ്ഞു നിന്നത് കുരുന്നുകളുടെ ചിരിയും കൗതുകവുമായിരുന്നു.തങ്ങളുടെ സംശയങ്ങൾക്കെല്ലാം സ്നേഹത്തോടെ മറുപടി ലഭിച്ചതോടെ പോലീസിനെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടിലും പുതിയൊരു ചിത്രം തെളിഞ്ഞു.

പിരിയാൻ നേരം പോലീസുകാർ നൽകിയ മിഠായികൾ കൂടി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി.പോലീസ് സ്റ്റേഷൻ സന്ദർശിച്ചെത്തിയ കുരുന്നുകൾക്ക് ഫീൽഡ് ട്രിപ്പിനപ്പുറം നേരിൽ കണ്ടറിഞ്ഞ അറിവിന്റെ ഓർമ്മയായി മാറി.

ഫീൽഡ് ട്രിപ്പ് കോർഡിനേറ്റർ ഷീജ എം.എ,എൽ.പി.സെക്ഷൻ അസിസ്റ്റന്റ് മേധാവി ഹസ്ന,ക്ലാസ് കോർഡിനേറ്റർ പ്രസീദ,സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഉണ്ണി,മുൻ എസ്. എച്ച്. ഒ. എം. എൻ. ബിജോയ്‌,മുൻ സബ്ബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ,എൻ.ജ്യോതിപ്രകാശ്,അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർമാരായ കെ.ജെ.ജയൻ,എൻ.ഇന്ദിര,സീനിയർ സി.പി.ഒ. വി. കെ.ധർമേഷ്,ജനമൈത്രി ഓഫീസർ സി.അബ്ദുൽ കരീം,മാധ്യമപ്രവർത്തകരായ സി.മൂസ,പ്രദീപ് ചെറുവാശ്ശേരി എന്നിവർ കുട്ടികളുമായി സംവദിച്ചു.

Below Post Ad