സുബൈർ വധം: കൊലയാളി സംഘത്തിന്റെ കാറിന്റെ നമ്പർ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കാറിന്റേത്


 
പാലക്കാട്: എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഈ കാർ കൊലയാളി സംഘം കുത്തിയതോട് തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് കുത്തിയതോട് തന്നെ ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്.




ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം. പാലക്കാട് എലപ്പുള്ളിയിലാണ് സുബൈറിനെ ഇന്ന് ഉച്ചയോടെ വെട്ടിക്കൊലപ്പെടുത്തിയത്. കുത്തിയതോട് സ്വദേശിയാണ് കൊല്ലപ്പെട്ട സുബൈർ.  47 വയസായിരുന്നു. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്.  പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. 

സുബൈർ എസ് ഡി പി ഐ പ്രാദേശിക പ്രവർത്തകനാണ്. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Below Post Ad