ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരും. നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.
തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലുമായിരിക്കും കൂടുതൽ മഴ ലഭിക്കുക. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ മഴ കിട്ടും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്‌ക്ക് കാരണമെന്ന് കലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങുന്നത് അനുസരിച്ച് ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിൽ നിന്നും ഈർപ്പം ഏറിയ കാറ്റ് കേരളത്തിന് അനുകൂലമാകുന്നതാണ് മഴ ശക്തിപ്പെടാൻ കാരണം. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.