പോസ്റ്റർ പതിച്ച്‌​ സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമം ; കുമരനെല്ലൂർ സ്വദേശി അറസ്റ്റിൽ


സമൂഹമാധ്യമങ്ങള്‍ വഴിയും പൊതു സ്ഥലത്ത്  പോസ്റ്റര്‍ പതിച്ചും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടി.എസ്. ശ്രീജിനെ​ (28) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച്‌ 31നായിരുന്നു കേസിനാസ്പദമായ സംഭവം.എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സ്ത്രീയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പോസ്റ്ററുകള്‍ പറിച്ചുകളയുകയും സമീപത്തെ യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഈ യുവാവില്‍നിന്നാണ് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്. ചുവപ്പ് നിറമുള്ള സ്കൂട്ടറിലെത്തിയ ഒരാള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടെന്ന് പറഞ്ഞ യുവാവ് വാഹന നമ്പറിന്റെ  സൂചനയും നല്‍കി. തുടര്‍ന്നാണ് അമേറ്റിക്കര സ്വദേശി ശ്രീജിനെ അറസ്റ്റ് ചെയ്തത്. 

മധ്യവയസ്കയായ സ്ത്രീയുടെ വീടിന് സമീപത്ത് ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസ്സം നിന്നതിനാലാണ് പോസ്റ്റര്‍ ഒട്ടിച്ച്‌​ അപമാനിച്ചതെന്നും ഇയാളുടെ മൊബൈലില്‍നിന്ന് തന്നെയാണ് പോസ്റ്റര്‍ തയാറാക്കിയതെന്നും പൊലീസ് പറഞ്ഞു.

പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തില്‍ എസ്.ഐ കൃഷ്ണലാല്‍, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒമാരായ സമീര്‍, ഹരികൃഷ്ണന്‍, സി.പി.ഒ വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ്​ ചെയ്തു.

Below Post Ad