നവീകരണത്തിനായി പട്ടാമ്പിപാലം മുതൽ ഞാങ്ങാട്ടിരിവരെ പൂർണമായി അടച്ചിടാനുള്ള തീരുമാനം യാത്രക്കാരെ വലയ്ക്കും. വ്യാഴാഴ്ചമുതലാണ് ഗതാഗതം പൂർണമായി നിരോധിക്കാൻ പൊതുമരാമത്ത് വകുപ്പധികൃതർ തീരുമാനിച്ചിട്ടുള്ളത്.
പട്ടാമ്പിയിൽനിന്നും പെരുമ്പിലാവ്, കൂറ്റനാട് ഭാഗത്തേക്കുള്ള യാത്രക്കാർ ഇതോടെ കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞുവേണം അപ്പുറത്തെത്താൻ. പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ പട്ടാമ്പിപാലം മുതൽ ഞാങ്ങാട്ടിരി പെട്രോൾപമ്പ് ജങ്ഷൻവരെയുള്ള ഭാഗത്താണ് നവീകരണം നടക്കുന്നത്.
കൂറ്റനാട്ടുനിന്നും പട്ടാമ്പിഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി തൃത്താല-പാലത്തറ-കൊടുമുണ്ട (തീരദേശ റോഡ്) വഴി വേണം എത്താൻ. പട്ടാമ്പിയിൽ നിന്നും കൂറ്റനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടുമുണ്ട-പാലത്തറ-തൃത്താല (തീരദേശ റോഡ്) വഴിയും ചുറ്റിപ്പോകണം.
വിഷു-നോമ്പു കാലമായതിനാൽ നിരവധി വാഹനങ്ങൾ പട്ടാമ്പി-പെരുമ്പിലാവ് പാതവഴി സഞ്ചരിക്കുന്നുണ്ട്. അവധിക്കാലം തുടങ്ങിയതിനാൽ ഗുരുവായൂരിലേക്കും മറ്റുമുള്ള നിരവധി യാത്രക്കാരും ഇതോടെ വലയും.
പാലക്കാട്ടുനിന്നും വരുന്ന വാഹനങ്ങൾക്ക് ഷൊർണൂർ-ചെറുതുരുത്തി വഴി കൂട്ടുപാതയിലെത്തി യാത്ര തുടരാം. നിലവിൽ പട്ടാമ്പിമുതൽ പെരുമ്പിലാവ് വരെയുള്ള യാത്ര ദുഷ്‌കരമാണ്. ഇതിൽ പാലംമുതൽ ഞാങ്ങാട്ടിരിവരെയുള്ള പാതയിൽ കുഴികൾ വ്യാപകമായുണ്ട്. ഗതാഗതക്കുരുക്കും രൂക്ഷമാണ്.
ഒരുവശം നവീകരണംനടത്തി മറുവശം വഴി വാഹനങ്ങളെ കടത്തി വിടണമെന്നാണ് പൊതുജനാവശ്യം. അതേസമയം, വിഷുവിനുമുമ്പ് നവീകരണപ്രവൃത്തി തീർക്കാനാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ പറഞ്ഞു.
ഗതാഗതം പൂർണമായും നിരോധിക്കരുതെന്ന് വ്യാപാരികൾ
പട്ടാമ്പി-പെരുമ്പിലാവ് പാതയുടെ നവീകരണത്തിനായി പാത പൂർണമായും അടച്ചിടുന്നത് വ്യാപരമേഖലയിലുള്ളവർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസമുണ്ടാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്പി യൂണിറ്റ് അറിയിച്ചു.
റോഡ് പൂർണമായും അടച്ചിട്ടുള്ള നവീകരണത്തിൽനിന്നും അധികൃതർ പിൻമാറണം. ഒരുവശംവഴി ഗതാഗതം ഏർപ്പെടുത്തണമെന്നും യൂണിറ്റ് പ്രസിഡന്റ് എം. സിദ്ധീഖ്, ജനറൽ സെക്രട്ടറി വി. അബ്ദുൾ സലിം, ട്രഷറർ പി.പി. സെയ്തലവി എന്നിവർ അറിയിച്ചു.