തൃത്താല: വെള്ളിയാങ്കല്ല് ജലസംഭരണിയിൽ അറവുമാലിന്യം തള്ളൽ പതിവാകുന്നു. നിരവധി ആളുകൾക്ക് കുടിവെള്ളം നൽകുന്ന തടയണയിൽ കഴിഞ്ഞ ദിവസം പത്ത് ചാക്കുകെട്ട് മാംസാവശിഷ്ടങ്ങളാണ് തള്ളിയത്.
തൃത്താല ഹൈസ്കൂൾ റോഡിലെ ആളൊഴിഞ്ഞ എം.ആർ.എസ്. കെട്ടിടത്തിനരികിലെ ഭാരതപ്പുഴയാണ് മാംസാവശിഷ്ടങ്ങളിൽ മുങ്ങുന്നത്. ഒരു മാസത്തിനിടെ അഞ്ചാം തവണയാണ് പുഴയിൽ ചാക്കുകളിലാക്കിയ അറവുമാലിന്യം തള്ളുന്നത്. പ്രദേശത്ത് വഴിനടക്കാനാവാത്തവിധം ദുർഗന്ധവുമുണ്ട്.
മാലിന്യംമൂലം വെള്ളം കറുത്തിരുണ്ട് എണ്ണമയമുള്ള പാടകെട്ടിത്തുടങ്ങി. മാലിന്യം തള്ളുന്നതിന്റെ 200 മീറ്റർ ചുറ്റളവിലാണ് കുടിവെള്ളവിതരണ പദ്ധതിയുടെ ഭൂരിഭാഗം പമ്പിങ് കിണറുകളും സ്ഥിതിചെയ്യുന്നത്.
ജില്ലയിലും സമീപ ജില്ലകളിലുമായി നിരവധി സ്ഥലങ്ങളിലേക്ക് തടയണയിൽനിന്ന് വെള്ളമെത്തുന്നുണ്ട്. പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകൾക്ക് പുറമെ, തൃശ്ശൂർ ജില്ലയിലെ ചാവക്കാട്, ഗുരുവായൂർ, കുന്ദംകുളം നഗരസഭകൾ എന്നിവിടങ്ങളിലേക്കും വെള്ളം എത്തുന്നുണ്ട്.
ആളൊഴിഞ്ഞ ഭാഗത്താണ് മാലിന്യം തള്ളൽ. വേനലിൽ ജലാശയത്തിൽ മാലിന്യം തള്ളുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
തടയണയിലെ വെള്ളത്തിൽ മാലിന്യത്തിൽ പുഴുവരിച്ച നിലയുമുണ്ട്. മദ്യക്കുപ്പികളും തുണികൾ നിറച്ച ചാക്കുകെട്ടുകളും പ്ലാസ്റ്റിക് കുപ്പികളുമെല്ലാം ഈ ഭാഗത്തുണ്ട്.