ഇനി കാരവനിൽ കറങ്ങി തൃത്താല കാണാം I K NEWS


കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും മാറിയ സാമൂഹിക സാഹചര്യത്തിൽ വിദേശികളും സ്വദേശികളുമായ അനേകായിരം സഞ്ചാരികളെ ആകർഷിക്കാൻ കാരവൻ ടൂറിസം പദ്ധതിക്ക് കഴിയുമെന്നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വാഹനത്തിൽ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം.പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം  യാത്രയും വിശ്രമവും വാഹനത്തിൽ തന്നെ എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

തൃത്താല മണ്ഡലത്തിൽ ഒരു കാരവൻ പാർക്ക് വേണമെന്ന സ്പീക്കർ എം ബി രാജേഷിന്റെ നിർദേശം ടൂറിസം വകുപ്പ് ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ പാർക്ക് തുടങ്ങാമെന്നും തൃത്താല വെള്ളിയാങ്കല്ല് പാർക്കിൽ നടന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തൃത്താലക്ക് പുതിയ വിനോദസഞ്ചാര അനുഭവമാണ്‌ ഇതിലൂടെ ലഭിക്കാൻ പോകുന്നത് .ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമീണ ജീവിതം മനസിലാക്കി ആസ്വദിക്കാനുള്ള അവസരം കാരവന്‍ ടൂറിസത്തിന്‍റെ ഭാഗമാണ്. കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട  സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമീണ മേഖലയിലൂടെ പകൽ മുഴുവൻ കാരവനിൽ ഇരുന്ന് രാജകീയമായി നാടുകാണാം, രാത്രിയിൽ മനോഹരമായ ഇടങ്ങളിൽ രാപാർക്കാം.സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെയാണ്  ടൂറിസം വകുപ്പ്  കാരവൻ പാർക്കുകൾ തയ്യാറാക്കി സഞ്ചാരികളെ വരവേൽക്കുന്നത്.നാടിന്റെ തനത് രുചി, കല, സംസ്‌കാരം എന്നിവ അറിയുന്നതിനായി വൈവിധ്യമാർന്ന വിഭവങ്ങൾ കാരവൻ ടൂറിസത്തിന്റെ ഭാഗമായി ഒരുക്കും

രാത്രിയിൽ വാഹനം നിറുത്തിയിടുന്ന സുരക്ഷിതമായ സ്ഥലങ്ങളാണ് കാരവൻ പാർക്കുകൾ.കുറഞ്ഞതു അഞ്ച് കാരവനുകൾ നിറുത്തിയിടാൻ കഴിയുന്ന അരയേക്കർ ഭൂമിയെങ്കിലും പാർക്കിനു വേണം. പാർക്കുകളിൽ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ താമസസൗകര്യങ്ങളുള്ള മുറികൾക്കൊപ്പം സ്വിമ്മിംഗ് പൂൾ, ആംഫി തിയേറ്റർ, ഉദ്യാനം, കലാപരിപാടികൾ, ക്യാമ്പ് ഫയർ, വൈവിധ്യമാർന്ന രുചികൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാനുള്ള എന്തു സൗകര്യവും സംരംഭകർക്ക് ഒരുക്കാം.

ജില്ലയിൽ ഏറ്റവും മനോഹരങ്ങളായ സ്ഥലങ്ങളാണ് കാരവൻ പാർക്കുകൾക്കായി  തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ .സിൽബർട്ട് ജോസ് പറഞ്ഞു.

Report ; K News

Tags

Below Post Ad