അതിജീവന പോരാട്ടത്തിന്റെ ബദ്ർ സ്മരണയുണർത്തി ഒരു റമദാൻ പതിനേഴ് കൂടി.അസത്യത്തിന് മേൽ നേടിയ വലിയ വിജയത്തിന്റെ മധുരതരമായ ഓർമകൾ റമദാൻ 17ന് വിശ്വാസികൾ അയവിറക്കുകയാണ്.
ബദ്ർ യുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷത്തിൽ (എ.ഡി 624) റമദാനിലെ ഈ ദിവസമായിരുന്നു. ബദ്ർ താഴ്വാരം മദീനയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ്. ജ്വലിക്കുന്ന ചരിത്രമാണ് ബദ്റിന്റേത്. മക്കയിൽനിന്ന് പാലായനം ചെയ്ത് മദീനയിലെത്തിയ പ്രവാചകന് അവിടെ ലഭിച്ച അംഗീകാരത്തിലും വിശ്വാസികളുടെ എണ്ണം നാൾക്കുനാൾ പെരുകുന്നതിലും അരിശംപൂണ്ട മക്കയിലെ ഖുറൈശിക്കൂട്ടം മദീനയെ തകർക്കാൻ ഗൂഢതന്ത്രം ആവിഷ്കരിച്ചു. ഇതറിഞ്ഞ പ്രവാചകൻ അവരെ നേരിടാനൊരുങ്ങി.അതാണ് ബദ്ർ യുദ്ധത്തിന് ഹേതുവായത്.
ഇസ്ലാമിക ചേരിയിലെ മൂന്നിരട്ടിയിലേറെ വരുന്ന സംഘവുമായാണ് മക്കയിലെ ഖുറൈശികൾ യുദ്ധത്തിന് വന്നത്. ആയുധബലവും കൂടുതൽ ഖുറൈശിക്കൂട്ടത്തിനായിരുന്നു. എന്നാൽ, വിശ്വാസത്തിെൻറ കരുത്തും സ്ഥൈര്യവും നിമിത്തം നിഷ്പ്രയാസം പ്രവാചകനും അനുചരന്മാർക്കുമാണ് പോരാട്ടത്തിൽ വിജയം വരിക്കാൻ കഴിഞ്ഞത്.
ഇസ്ലാമിെൻറ പ്രഥമ ധർമസമരത്തിൽ പങ്കെടുത്ത ദുർബലരായ മുസ്ലിം സംഘത്തിെൻറ മൂന്നിരട്ടി വരുന്ന ശക്തരായ പടയാളികളെ നേരിട്ട ഈ സന്നദ്ധ സംഘം വിജയത്തിെൻറ വെന്നിക്കൊടി പാറിച്ച ചരിത്രവിജയത്തിന് സാക്ഷ്യംവഹിച്ച രണാങ്കണത്തിെൻറ പേരാണ് ബദ്ർ. നിത്യവിസ്മയവും ചരിത്രനിയോഗവുമായി ബദ്ർ സ്മൃതികൾ അയവിറക്കാനാണ് പലപ്പോഴും സഞ്ചാരികൾ ഇവിടെയെത്തുന്നത്.