കെ.എസ്.ഇ.ബി.യുടെ തിരുവേഗപ്പുറ യാഡിൽനിന്നും അലുമിനിയം കമ്പികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്ന രണ്ടുപേരെ കൊപ്പം എസ്.ഐ.യുടെ നേതൃത്വത്തിൽ പിടികൂടി. ഓങ്ങല്ലൂർ കാരക്കാട് സ്വദേശികളായ മുഹമ്മദ് ഷബീർ (22), മുഹമ്മദ് ഷരീഫ് (23) എന്നിവരെയാണ് എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിരുവേഗപ്പുറയിൽ പോലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായി ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന രണ്ടംഗസംഘത്തെ പോലീസ് പിൻതുടർന്നത്. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു. ഏറെനേരം പിന്തുടർന്നശേഷമാണ് സംഘത്തെ പിടികൂടിയത്.
തുടർന്നുനടത്തിയ പരിശോധനയിലാണ് 58 കിലോ അലുമിനിയം കമ്പി കണ്ടെടുത്തത്. പോലീസന്വേഷണത്തിൽ ഇത് തിരുവേഗപ്പുറ കെ.എസ്.ഇ.ബി.യിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. എ.എസ്.ഐ. അനന്തകൃഷ്ണനും ഡ്രൈവർ മനോജും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
ഒരാഴ്ചമുമ്പ് തിരുവേഗപ്പുറയിൽനിന്നും കെ.എസ്.ഇ.ബി.യുടെ അലുമിനിയം കമ്പികൾ മോഷ്ടിച്ച കേസിൽ കാരക്കാട് സ്വദേശിയായ മുഹമ്മദ് സെയ്ഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.