മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടി; ചാലിശ്ശേരി പോലീസ് താക്കീതു നൽകി വിട്ടയച്ചു | K News



കൂറ്റനാട്: കെട്ടിടനിർമാണത്തിനായി വന്ന മറുനാടൻ തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ താക്കീതുനൽകി വിട്ടയച്ചു. കൂറ്റനാട്ട് വാടകക്കെട്ടിടത്തിൽ താമസിച്ചുവരുന്ന സോനുവിനെയാണ് (25) പിടികൂടിയത്. 

വ്യാഴാഴ്ചരാവിലെ 10 മണിയോടെ, ചാലിശ്ശേരി പെരുമണ്ണൂരിൽ കെട്ടിടനിർമാണത്തിനുവന്ന തൃശ്ശൂർ സ്വദേശികളായ തൊഴിലാളികൾ മൊബൈൽഫോണുകൾ താഴെവെച്ച് ജോലിക്കായി കെട്ടിടത്തിന്റെ മുകളിലേക്ക് പോയതാണ്. തിരിച്ചുവന്നപ്പോൾ രണ്ട് തൊഴിലാളികളുടെയും മൊബൈൽ ഫോണുകൾ കാണാതായി. സ്ഥലത്ത് മറ്റാരും വന്നതിന്റെ ലക്ഷണവും ഇല്ലായിരുന്നു.

ഫോണുകൾ നിമിഷങ്ങൾക്കുള്ളിൽ സ്വിച്ച് ഓഫായതോടെ ചാലിശ്ശേരി പോലീസിൽ വിവരമറിയിച്ചു. കൂടെ പണിചെയ്തിരുന്നവരിൽ ചിലരുടെ വിലാസത്തിൽ അന്വേഷണംനടത്തിയ പോലീസ് സംശയംതോന്നി സോനുവിനെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കയായിരുന്നു. 

സോനു ഒളിച്ചുവെച്ചിരുന്ന മൊബൈൽ ഫോണുകൾ പോലീസിനെ ഏൽപ്പിച്ചു. രണ്ടുദിവസത്തെ കൂലി കിട്ടാനുള്ളതുകൊണ്ടാണ് ഫോണുകൾ മോഷ്ടിച്ചതെന്നായിരുന്നു യുവാവിന്റെ ന്യായീകരണം.

കേസും കൂട്ടവുമായാൽ ഫോൺ പെട്ടെന്ന് കിട്ടാനിടയില്ലാത്തതുകൊണ്ട് ഫോണിന്റെ ഉടമകളായ തൊഴിലാളികൾ കേസില്ലെന്നറിയിച്ചതോടെ സോനുവിനെ ശക്തമായ താക്കീതുനൽകി പോലീസ് വിട്ടയച്ചു.

Tags

Below Post Ad